അമേരിക്ക വീണ്ടും അതീസങ്കീർണമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. യു എസ് പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിന്റെ സൂപ്പർ ശനിയിലെ വോട്ടെടുപ്പിൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ബേണി സാന്‍ഡേഴ്സിനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ടെഡ് ക്രൂസിനും മുന്നേറ്റം. വിജയസാധ്യത കൂടുതൽ നിലനിന്നിരുന്ന ഡൊണാൾഡ് ട്രംപിനെയും ഹിലരി ക്ലിന്‍റനെയും പിൻതള്ളിയാണ് സാന്‍ഡേഴ്സിന്റെയും ക്രൂസിന്റെയും മുന്നേറ്റം.
ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മൂന്ന് പ്രൈമറികളിൽ രണ്ടെണ്ണം സാന്‍ഡേഴ്സ് സ്വന്തമാക്കിയപ്പോൾ ഒരിടത്ത് മാത്രം വിജയിക്കാനെ ഹിലരി ക്ലിന്‍റന് കഴിഞ്ഞുള്ളു. റിപ്പബ്ലിക്കൻ പാർട്ടി നടത്തിയ നാല് പ്രൈമറികളിൽ രണ്ടെണ്ണം വീതം ട്രംപും ക്രൂസും ഭൂരിപക്ഷമില്ലാതെ പങ്കിട്ടു. അമേരിക്കയിലെ നാല് വർഷത്തിലൊരിക്കൽ ആവർത്തിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ഇത്തവണ കൗതുകകരമായി മാറിയിരിക്കുകയാണ്.
ഡെമോക്രാറ്റിക്ക് പാർട്ടിയുടെ കാൻസസ്, നെബ്രാസ്ക എന്നീ പ്രൈമറികളിൽ ബേണി സാന്‍ഡേഴ്സ്(67.7 , 56.6) വിജയിച്ചപ്പോൾ ലൂയീസിയാനയിൽ മാത്രമാണ് ഹിലരിക്ക്(71.1) ഒന്നാമതെത്താനായത്. അതേസമയം റിപ്പബ്ലിക്കൻ പാർട്ടിയുടെ കാൻസാസ്, മെയ്ൻ പ്രൈമറികളിൽ ടെഡ്(48.2 ,45.9) ട്രംപിനെ പിന്നിലാക്കി. ലൂയീസിയാനയിലും കെന്‍റക്കിയിലും യഥാക്രമം 41.4 ശതമാനം, 35.9 ശതമാനം വോട്ട് നേടി ട്രംപ് വിജയിച്ചു.
മാർച്ച് ഒന്നിന് നടന്ന 'സൂപ്പർ ചൊവ്വ'യിൽ വ്യക്തമായ മുന്നേറ്റം കാഴ്ച വെച്ച ഹിലരിക്ക് 'സൂപ്പർ ശനി'യിൽ വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 'സൂപ്പർ ചൊവ്വ'യിൽ സാൻഡേഴ്സിനെ പിന്നിലാക്കികൊണ്ട് ഹിലരി മൂന്നിടത്ത് വിജയിച്ചിരുന്നു. സാൻഡേഴ്സ് രണ്ടിടത്തും. ‘സൂപ്പർ ചൊവ്വ’യിൽ ട്രംപ് മൂന്നിടത്ത് വിജയിച്ചപ്പോൾ ക്രൂസിന് ഒരിടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. 'സൂപ്പർ ശനി'യിൽ രണ്ട് പ്രൈമറികളിൽ വിജയിച്ച് ക്രൂസ് ട്രംപിനെതിരെ വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്.
ഇന്ന് മെയ്നിൽ ഡമോക്രാറ്റിക് പാർട്ടിയുടെ കോക്കസും പ്യൂർട്ടോറിക്കോയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറിയും നടക്കും.