അമേരിക്കന്‍ സൈന്യത്തേയും അവരുടെ രഹസ്യാന്വേഷണ സംഘടനയായ സിഐഎയും ഭീകരസംഘടനകളായി പ്രഖ്യാപിച്ചുക്കൊണ്ട് ഇറാന്‍ പാര്‍ലമെന്‍റ് പ്രമേയം പാസാക്കി.
ഇറാന്‍റെ വിപ്ലവ സുരക്ഷാസേനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ബുഷ് ഭരണകൂടത്തിനുള്ള തിരിച്ചടിയാണ് ഇറാന്‍റെ ഈ തീരുമാനം.ഇറാന്‍ പാര്‍ലമെന്‍റിലെ 290 അംഗങ്ങളില്‍ 215 പേരും പ്രമേയത്തെ പിന്തുണച്ചു. ലെബനീസ് തീവ്രവാദികള്‍ക്കും, പാലസ്തീനെ ആക്രമിക്കാന്‍ ഇസ്രായേലിനും സഹായം നല്‍കുന്ന അമേരിക്കന്‍ സേനയെ തീര്‍ച്ചയായും ഭീകര സംഘടനയായി കണക്കാക്കണമെന്ന് പ്രമേയം വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ അക്രമങ്ങളേയും, ഗ്വാണ്ടനാമൊ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങളേയും പ്രമേയം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക ഈ പ്രമേയത്തിനെതിരെ കാര്യമായി പ്രതികരിച്ചിട്ടില്ല. ഇത് മറുപടി അര്‍ഹിക്കുന്നില്ല എന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞത്.