സദ്ദാമിന്റെ നോവല്‍ ഹോളിവുഡിലേക്ക്

ശനി, 22 ജനുവരി 2011 (11:21 IST)
PTI
ഇറാഖിലെ മുന്‍ ഏകാധിപതി സദ്ദാം ഹുസൈന്‍ എഴുതിയ നോവല്‍ ഹോളിവുഡിലേക്ക്. സദ്ദാമിന്റെ ‘സബിബായും രാജാവും’ എന്ന പ്രണയ നോവല്‍ പാരാമൌണ്ട് പിക്ച്ചേഴ്സ് സിനിമയാക്കുന്നു.

ബ്രിട്ടീഷ് കോമഡി രാജാവ് സാഷ ബാരണ്‍ കോഹനാണ് സദ്ദാമിന്റെ പുസ്തകത്തെ ആധാരമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നായകനാവുന്നത്. ‘ദ ഡിക്ടേറ്റര്‍’ എന്ന പേരിലായിരിക്കും സിനിമ നിര്‍മ്മിക്കുന്നത് എന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ധീരനായ ഏകാധിപതി ജനാധിപത്യത്തെ പ്രതിരോധിക്കുന്നതിലൂടെ സ്വന്തം ജീവിതം അപകടത്തിലാക്കുന്നതാണ് സിനിമയുടെ പ്രതിപാദ്യം എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

സദ്ദാം ഹുസൈന്റെ ‘സബിബായും രാജാവും’ എന്ന പുസ്തകം രണ്ടായിരത്തിലാണ് പുറത്തിറങ്ങിയത്. അന്ന് ഇറാഖില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതും ഇതേ പുസ്തകമായിരുന്നു. സദ്ദാം ഹുസൈന്‍ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് എന്നും ‘ദ സണ്‍‘ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘രചയിതാവ്’ എന്ന് അര്‍ത്ഥം വരുന്ന തൂ‍ലികാനാമത്തിലാണ് സദ്ദാം പുസ്തകമെഴുതിയിരുന്നത് എന്നാണ് പരക്കെ വിശ്വസിക്കുന്നത്. 1979 മുതല്‍ 2009 വരെയുള്ള 24 വര്‍ഷ കാലയളവിലാണ് സദ്ദാം ഇറാഖ് ഭരിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക