ഇറാഖില്‍ വിടവാങ്ങല്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിനു നേരെ ഷൂ എറിഞ്ഞ കേസിന്‍റെ വിചാരണ മാര്‍ച്ച് 24 ലേക്ക് മാറ്റിവച്ചു. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലികിയോടൊപ്പം മാധ്യമസമ്മേളനം നടത്തുന്നതിനിടെയാണ് മുന്താദര്‍ അല്‍സെയ്ദി എന്ന മാധ്യമ പ്രവര്‍ത്തകന്‍ ബുഷിന് നേരെ ഷൂ എറിഞ്ഞത്.
അസഭ്യം പറഞ്ഞുകൊണ്ടാണ് മുന്താദര്‍ തന്‍റെ രണ്ട് ഷൂസും ബുഷിന് നേരെ വലിച്ചെറിഞ്ഞത്. ഒഴിഞ്ഞുമാറിയതിനാല്‍ ഏറ് കൊണ്ടില്ല. സംഭവത്തെ തുടര്‍ന്ന് മുന്താദറിനെ സംഭവസ്ഥലത്തുവച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ പ്രതിഷേധിച്ചായിരുന്നു ഷൂ എറിഞ്ഞത്.
15 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് മുന്താദറിനുമേല്‍ ചുമത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം മുന്താദറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നു. ബുഷിനോടുള്ള ഇറാഖിന്‍റെ വികാരം പരസ്യമായി പ്രകടിപ്പിച്ച മുന്താദറിനെ ഇറാഖില്‍ വീര യോദ്ധാവായണ് വിശേഷിപ്പിക്കുന്നത്.