ശ്രീലങ്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് മണിക്ക് സമാപിക്കും. വോട്ടെടുപ്പ് അവസാനിക്കുന്ന വേളയില്‍ത്തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. നാളെ ഉച്ചയോടെ ഫലപ്രഖ്യാപനം നടക്കുമെന്നാണ് സൂചന.
ആറാമത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ശ്രീലങ്കയില്‍ ഇന്ന് നടക്കുന്നത്. നിലവിലുള്ള പ്രസിഡന്‍റ് രാജപക്സെയും മുന്‍ സൈനിക മേധാവി സരത് ഫൊന്‍സേകയും തമ്മിലാണ് പ്രധാന മത്സരം. രാജ്യത്തുനിന്ന് എല്‍ടിടിഇയെ തുരത്താന്‍ സാധിച്ചത് വന്‍ നേട്ടമായാണ് രാജപക്സെ എടുത്തു കാണിക്കുന്നത്. അതേസമയം, എല്‍ടിടിഇയെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച സൈനിക മേധാവി എന്നത് തനിക്ക് അനുകൂലമാകുമെന്ന് ഫൊന്‍സേകയും കരുതുന്നു.
എല്‍ടിടിയെ പരാജയപ്പെടുത്തിയ ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പാണിത്. 14 ദശലക്ഷം ആളുകളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. തികച്ചും സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ജാഫ്നയില്‍ ചെറിയ സ്ഫോടനമുണ്ടായി. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.