ശോഭരാജ് കുറ്റക്കാരനെന്ന് കോടതി

വെള്ളി, 30 ജൂലൈ 2010 (18:10 IST)
ബിക്കിനി കൊലയാളി എന്നറിയപ്പെടുന്ന ചാള്‍സ് ശോഭരാജ് കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കന്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് നേപ്പാള്‍ സുപ്രീംകോടതി. ശോഭരാജിന് നല്‍കിയ 20 വര്‍ഷ തടവ് ശിക്ഷ സുപ്രീംകോടതിയും ശരിവച്ചു.

ശോഭരാജ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു എന്നും കോടതി വ്യക്തമാക്കി. എന്നാല്‍, കോടതി കൈക്കൂലി വാങ്ങിയാണ് വിധി പ്രസ്താവിച്ചതെന്ന് ശോഭരാജിന്റെ അഭിഭാഷക ശകുന്തള ഥാപ കുറ്റപ്പെടുത്തി. അതേസമയം, നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ശോഭരാജിന്റെ നേപ്പാളി ഭാര്യ നിഹിത ബിസ്വാസ് വ്യക്തമാക്കി.

നേപ്പാളില്‍ വച്ച് 1975ല്‍ നടന്ന കൊലപാതക കേസില്‍ 2004 ല്‍ ആയിരുന്നു ശോഭരാജിന് തടവ് ശിക്ഷ ലഭിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ വളരെയധികം കാലതാ‍മസം നേരിട്ട ശേഷമാണ് വിധി വന്നിരിക്കുന്നത്. ജസ്റ്റിസുമാരായ രാം കുമാര്‍ പ്രസാദ് ഷായും ഗൌരി ധകലുമാണ് വിധി പ്രസ്താവിച്ചത്.

1970-80 കാലഘട്ടത്തില്‍ ഇരുപതോളം പാശ്ചാത്യ സുന്ദരികളെ മയക്കുമരുന്നും വിഷവും നല്‍കി കൊലപ്പെടുത്തിയ ശോഭരാജ് വേഷം മാറി രക്ഷപെടാനും വിരുതു കാട്ടിയിരുന്നു. 1975 ല്‍ തായ്‌ലന്റിലെ പട്ടായ ബീച്ച് റിസോര്‍ട്ട് ടൌണില്‍ ബിക്കിനി ധരിച്ച ആറ് യുവതികളെ ഇയാള്‍ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയിരുന്നു. ഇതോടെ, ‘ബിക്കിനി കൊലയാളി’ എന്ന പേര് ലഭിച്ച ശോഭരാജിനെതിരെ തായ്‌ലന്റ് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക