വെന്തുമരിച്ചത് 13 കുട്ടികള്‍, ഇമാമിനെ ചോദ്യം ചെയ്തു
ബുധന്‍, 3 ഏപ്രില്‍ 2013 (11:16 IST)
PRO
മ്യാന്‍മറില്‍ അനാഥാലയത്തിലെ ഡോര്‍മിറ്ററിയിലുണ്ടായ അഗ്നിബാധയില്‍ 13 കുട്ടികള്‍ വെന്തുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് പള്ളിയുടെ ഇമാമിനെ പൊലീസ് ചോദ്യം ചെയ്തു. അനാഥാലയം നടത്തിപ്പുകാരുടെ അനാസ്ഥ മൂലമാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനം. കുട്ടികളുടെ മതപാഠശാലാ അധ്യാപകനെയും ചോദ്യം ചെയ്തു.
എന്നാല്‍ ഈ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. ഇന്‍വര്‍ട്ടറിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.
പള്ളിയോടു ചേര്‍ന്നുള്ള അനാഥാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള ഡോര്‍മിറ്ററിയാണിത്. വാതിലുകള്‍ പുറത്തു നിന്ന് അടച്ചിരുന്നതിനാല്‍ കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
രണ്ടുനിലകളിലായി 75 കുട്ടികളെയാണ് ഈ അനാഥാലയത്തില്‍ പാര്‍പ്പിച്ചിരുന്നത്. ഇത്രയും കുട്ടികളെ അശ്രദ്ധമായി താമസിപ്പിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താതെയിരിക്കുകയും ചെയ്ത അനാഥാലയം അധികൃതര്‍ക്കെതിരെ കേസുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.