കാലിക്കറ്റ് സര്‍വകലാശാല വിസി ഉള്‍പ്പെടെ, സിന്‍ഡിക്കേറ്റംഗങ്ങള്‍ ഇനിമുതല്‍ വിദേശയാത്ര നടത്തുന്നത് സര്‍ക്കാര്‍ അനുമതി നേടണം. വിദൂരവിദ്യാഭ്യാസ സെന്ററുകളിലേക്കുള്ള യാത്രകള്‍ പലതും വിവാദമായ സാഹചര്യത്തിലാണ് തീരുമാനം.
കുവൈത്ത് , ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ബിസിനസ്മാന്‍, കണ്‍സല്‍റ്റന്റ് എന്നീ വീസകളേ ലഭ്യമാകൂ. ഈ സാഹചര്യത്തിലാണ് യാത്രകള്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രം മതിയെന്ന തീരുമാനത്തിലേക്ക് സിന്‍ഡിക്കേറ്റെത്തിയത്. അനുമതി ലഭിച്ചാല്‍ യാത്രയുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ 31 പുതിയ കോളജുകള്‍ക്കുള്ള ശുപാര്‍ശ സിന്‍ഡിക്കറ്റ് സര്‍ക്കാരിന്റെ അനുമതിക്ക് വിട്ടു. 17 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് , നാല് ലോ കോളജ് , 9 എന്‍ജിനീയറിംഗ് കോളജ് , 1 അറബിക് കോളജ് എന്നിങ്ങനെയാണ് അനുമതിക്ക് വിട്ടത്. പുതിയ അധ്യയനവര്‍ഷത്തിന് മുന്‍പായി അനുമതി വാങ്ങി അധ്യയനം തുടങ്ങുവാനാണ് സിന്‍ഡിക്കറ്റ് തീരുമാനം. പരീക്ഷാഫീസ് വര്‍ധനയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ധവളപത്രമിറക്കും.