വിക്കിലീക്സ്: യുഎസ് ഗൂഢതന്ത്രമെന്ന്‌ നെജാദ്‌

ചൊവ്വ, 30 നവം‌ബര്‍ 2010 (10:59 IST)
വിക്കിലീക്സ് വിവരങ്ങള്‍ പുറത്തുവിട്ടത് അമേരിക്കയുടെ ഗൂഢതന്ത്രത്തിന്റെ ഭാ‍ഗമാണെന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ സൗദി രാജാവ് അബ്ദുള്ള യു എസിനോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തല്‍ വളച്ചൊടിച്ചതാണെന്നും നെജാദ് പറഞ്ഞു.

ഇറാന്‍റെ ആണവ പദ്ധതിയെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സൗദി നിര്‍ദേശിച്ചെന്നും വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ സൂചിപ്പിച്ചിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധത്തെ രേഖകള്‍ ഒരുതരത്തിലും ബാധിക്കില്ലെന്നും നെജാദ്‌ ടെഹ്‌റാനില്‍ പറഞ്ഞു.

ഇതിനിടെ വിക്കിലീക്സ്‌ പുറത്തുവിട്ട രേഖകളെപ്പറ്റി വിവിധ രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. അന്താരാഷ്ട്ര സമൂഹത്തിന്‌ നേരെയുള്ള ആക്രമണമാണ്‌ രേഖകളെന്ന്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍. വിക്കിലീക്സിന്റെ നടപടി നിരുത്തവരാദപരമാണെന്നും തങ്ങളുടെ പക്കലുള്ള ആണവായുധങ്ങള്‍ സുരക്ഷിതമാണെന്നും പാക്‌ അധികൃതരും പ്രതികരിച്ചു.

നയതന്ത്ര തലങ്ങളില അമേരിക്കയുടെ ഇരട്ടത്താപ്പും കാപട്യവും വെളിച്ചത്തുകൊണ്ടുവരുന്ന രേഖകളാണ്‌ കഴിഞ്ഞ ദിവസം വിക്കിലീക്സ്‌ പുറത്തുവിട്ടത്‌. രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കണമെന്ന്‌ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ നിരീക്ഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ നിര്‍ദേശം നല്‍കിയതും രേഖകള്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക