വളര്‍ത്തുനായയെ പട്ടിണിക്കിട്ടുകൊന്നു, 18 വര്‍ഷം തടവ്‌

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (11:41 IST)
PRO
വളര്‍ത്തുനായയെ പട്ടിണിക്കിട്ടുകൊന്നതിന് 18 വര്‍ഷം തടവ്. ബ്രിസ്‌റ്റോള്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ് അപൂര്‍വമായ ഈ ശിക്ഷ വിധിച്ചിരിക്കുന്നത്. കാത്തി ഗാമ്മോണ്‍(27) എന്ന അഭിഭാഷകയാണ് സ്വന്തം വളര്‍ത്തുനായയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. അഞ്ച്‌ വയസ്‌ പ്രായമുള്ള റോക്‌സി എന്ന പെണ്‍പട്ടിയാണു ചത്തത്‌.

പട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടശേഷം കാത്തി വീടുവിട്ടുപോകുകയായിരുന്നു. വീട് മലിനമാക്കി എന്നതായിരുന്നു ഇതിന് കാരണം. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കടുത്ത തണുപ്പും പട്ടിണിയും കാരണമാണ് പട്ടി ചത്തതെന്ന് പൊലീസ് കണ്ടെത്തി. ഭക്ഷണം കൊടുക്കാതെ പട്ടിയെ പൂട്ടിയിട്ടത് ബോധപൂര്‍വമാണെന്ന് കാത്തി മൊഴി നല്‍കുകയും ചെയ്തു. ഇതാണ് കാത്തിക്ക് കൂടുതല്‍ വിനയായത്.

എന്തായാലും പട്ടിയെ കൊന്നതിന്‍റെ പേരില്‍ രണ്ടു പതിറ്റാണ്ടോളം തടവില്‍ കഴിയാനുള്ള വിധിയാണ് കാത്തിയെ കാത്തിരുന്നത്.