റഷ്യയ്ക്കെതിരെ വ്യാജപ്രചരണമെന്ന് പുടിന്‍

ശനി, 30 ഓഗസ്റ്റ് 2008 (13:02 IST)
ജോര്‍ജ്ജിയയുമായുള്ള പോരാട്ടം സംബന്ധിച്ച് പാശ്ചാത്യ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിനിര്‍ പുടിന്‍. റഷ്യയുടെ മേല്‍ കുറ്റം ആരോപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ദക്ഷിണ ഒസേഷ്യയില്‍ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിരുന്ന അമേരിക്കയില്‍ കഴിയുന്ന ഒരു പന്ത്രണ്ട്‌കാരിയെയും ബന്ധുവായ സ്ത്രീയെയും ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖം നടത്തിയത് പുടിന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. അഭിമുഖം നടത്തിയ ആള്‍ പെണ്‍‌കുട്ടിയുടെ സംസാ‍രം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പുടിന്‍ ആരോപിച്ചു.

‘ഫോക്സ് ന്യൂസ്’ ല്‍ സം‌പ്രേക്ഷണം ചെയ്ത അഭിമുഖമാണ് പുടിന്‍റെ വിമര്‍ശനത്തിനിരയായത്. പെണ്‍കുട്ടി അഭിമുഖം നടത്തിയ ആള്‍ക്ക് താല്പര്യമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അയാ‍ള്‍ ചുമച്ചും മറ്റും സംസാ‍രം തടസേടുത്താന്‍ ശ്രമിച്ചുവെന്ന് പുടിന്‍ കുറ്റപ്പെടുത്തി.

ദക്ഷിണ ഒസേഷ്യയില്‍ ജോര്‍ജ്ജിയന്‍ സേന കടന്ന് കയറിയതിനെ തുടര്‍ന്നാണ് റഷ്യ ജോര്‍ജ്ജിയയ്ക്ക് മേല്‍ യുദ്ധം പ്രഖ്യാപിച്ചത്. ജോര്‍ജ്ജിയന്‍ പ്രദേശത്ത് കടന്ന് കയറിയ റഷ്യന്‍ സേന ഇതുവരെയും പൂര്‍ണ്ണമായും പിന്‍‌വാങ്ങിയിട്ടില്ല.

വെബ്ദുനിയ വായിക്കുക