റഷ്യയിലെ ചെല്യബിങ്ക്സ് നഗരത്തില്‍ ഉല്‍ക്കാവര്‍ഷം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കണ്ണഞ്ചിക്കുന്ന പ്രകാശത്തോടെയും പൊട്ടിത്തെറിയോടെയും ഉല്‍ക്കാപതനമുണ്ടായത്. 400ഓളം പേര്‍ക്ക് പരുക്കേറ്റതായി പറയപ്പെടുന്നു. 102 ഓളം ആളുകള്‍ക്ക് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നുവെന്നും കെട്ടിടത്തിന്റെ ചില്ലുകള്‍ ചിതറിത്തെറിച്ചാണ് ഭൂരിഭാഗം ആള്‍ക്കാര്‍ക്കും പരുക്കേറ്റതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ഉല്‍ക്കകള്‍ അന്തരീക്ഷവായുവുമായി ഉണ്ടായ ഘര്‍ഷണത്താല്‍ തീഗോളമായാണ് ഉല്‍ക്ക ഭൂമിയില്‍പ്പതിച്ചത്. ഇരുപതിനായിരത്തോളം രക്ഷാപ്രവര്‍ത്തകരാണ് ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുന്ന ക്ഷുദ്രഗ്രഹവുമായി ഉല്‍ക്കാപതനത്തിന് ബന്ധമൊന്നുമില്ലെന്നാണ് വിദഗ്ദരുടെ പ്രാഥമിക നിഗമനം.
ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വിമാനം തകര്‍ന്നതാകാമെന്നാണ് പിന്നീടാണ് ഉല്‍ക്കാപതനമെന്ന് സ്ഥിതീകരിച്ചത്. ഉല്‍ക്ക നേരിട്ട് പതിച്ചതല്ലെന്നും അന്തരീക്ഷത്തില്‍ത്തന്നെ കത്തിയെരിഞ്ഞ ശേഷമുള്ള അവശിഷ്ടങ്ങളാണ് ഇത്രയും നാശനഷ്ടമുണ്ടാക്കിയതെന്നാണ് വിദഗ്ദര്‍ പറഞ്ഞത്. വീടുകള്‍ കുലുങ്ങിയതായി പ്രദേശ വാസികളും. ആകാശത്തു കൊള്ളിയാന്‍ പോലെ പ്രകാശം നീങ്ങുന്നതു കണ്ടുവെന്നും അടുത്ത പ്രദേശത്തുനിന്നു പോലും ജനങ്ങള്‍ പറഞ്ഞു.
ആറരക്കോടി വര്‍ഷം മുന്‍പ് ദിനോസറുകളെ കൊന്നൊടുക്കിക്കൊണ്ടുള്ള 40 കിലോമീറ്റര്‍ വ്യാസമുള്ള ഉല്‍ക്ക ഭൂമിയില്‍ പതിച്ചതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഭൂമിയെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ഒരു ക്ഷുദ്രഗ്രഹം കടന്നുപോകുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. 2012 DA14 എന്നാണ് ക്ഷുദ്രഗ്രഹത്തിന്റെ പേര്.
27680 കിലോമീറ്റര്‍ അകലെയായി, ബഹിരാകാശത്തിനപ്പുറത്ത് കൂടിയാണ് ഇത് കടന്നുപോകുന്നത്. മണിക്കൂറില്‍ 20,000 കിലോമീറ്ററിനും 30,000 കിലോമീറ്ററിനും ഇടയ്ക്കാണ് ക്ഷുദ്രഗ്രഹത്തിന്റെ വേഗത. ഒരു റൈഫിള്‍ ബുള്ളറ്റിന്റെ വേഗത്തില്‍ കടന്നുപോകുന്നതിനിടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റുന്ന നൂറുകണക്കിന് ഉല്‍ക്കകളില്‍ ഏതെങ്കിലും ഒന്നിനെ ഇത് ഇടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും നാസ പറഞ്ഞിരുന്നു.