രഹസ്യങ്ങളുമായി വിക്കിലീക്സ്, നേരിടാന്‍ പെന്‍റഗണ്‍

ചൊവ്വ, 19 ഒക്‌ടോബര്‍ 2010 (09:31 IST)
വിക്കിലീക്സിന്‍റെ പുതിയ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ അമേരിക്ക ശക്തമായ സന്നാഹം ഒരുക്കുന്നു. 120 പേര് അടങ്ങുന്ന ടീമിനെയാണ് വിക്കിലീക്സിന്‍റെ പുതിയ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ പെന്‍റഗണ്‍ തയ്യാറായിരിക്കുന്നത്. ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള അഞ്ചു ലക്ഷത്തോളം രേഖകളാണ് വിക്കിലീക്സ് പുറത്തുവിടാന്‍ ഒരുങ്ങുന്നത്. ഈ മാസം തന്നെ രേഖകള്‍ പുറത്തു വിടുമെന്നാണ് സൂചന.

ഇതിനു മുമ്പ് അഫ്ഗാന്‍ യുദ്ധത്തെക്കുറിച്ചുള്ള രേഖകള്‍ ആയിരുന്നു വിക്കിലീക്സ് പുറത്തുവിട്ടത്. ഇത് അമേരിക്കയ്ക്ക് സൃഷ്ടിച്ച തലവേദന ചെറുതല്ലായിരുന്നു. ഈ ഞെട്ടല്‍ മാറുന്നതിനു മുമ്പേയാണ് ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറെടുക്കുന്നത്. വിക്കിലീക്സ് രഹസ്യവിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറെടുക്കുമ്പോള്‍ അതിനെ നേരിടാന്‍ പെന്‍റഗണ്‍ എല്ലാവിധത്തിലും തയ്യാറെടുത്തു കഴിഞ്ഞെന്ന് പെന്‍റഗണ്‍ വക്താവ് കേണല്‍ ഡേവ് ലാപന്‍ വ്യക്തമാക്കി.

അതേസമയം, ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള രഹസ്യരേഖകള്‍ ആണ് വിക്കിലീക്സ് പുറത്തുവിടുക എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, എത്രയും പെട്ടെന്ന് തന്നെ പ്രധാനപ്പെട്ട ചില രേഖകള്‍ പുറത്തുവിടുമെന്നാണ് സൂചന. ചില കാര്യങ്ങള്‍ വിക്കിലീക്സ് എത്രയും പെട്ടെന്ന് പുറത്തു വിടുമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചേയും വ്യക്തമാക്കി. ജൂലൈയില്‍ അഫ്ഗാന്‍ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട വെളിപ്പെടുത്തലുകള്‍ വിക്കിലീക്സ് നടത്തിയിരുന്നു. ഇത് യു എസിന്‍റെ സുരക്ഷാരംഗത്തുണ്ടായ ഏറ്റവും വലിയ പാളിച്ചയായാണ് യു എസ് വിലയിരുത്തിയത്.

വെബ്ദുനിയ വായിക്കുക