രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് സാധാരണമാണ്. ഡോക്ടര്‍മാരെ കാണാനെത്തുന്ന രോഗികളില്‍ നല്ലൊരു ഭാഗം അമിത രക്തസമര്‍ദ്ദത്തിനുള്ള ചികിത്സ തേടിയാണ് എത്തുന്നത്.
എന്നാല്‍, രക്ത സമ്മര്‍ദ്ദം ഒഴിവാക്കാനും നിലവില്‍ അതുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസിയം അടങ്ങിയ ഭക്ഷണം ഗുണം ചെയ്യുമെന്ന് അമേരിക്കയിലെ രണ്ട് ഡോക്ടര്‍മാര്‍ പറയുന്നു. വാന്‍ഡര്‍ ബിള്‍ട്ട് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ മാര്‍ക്ക് സി ഹൂസ്റ്റണ്‍, നഷ്വില്ലെയിലെ ഹാര്‍പ്പര്‍ മെഡിക്കല്‍ കമ്മ്യുണിക്കേഷനിലെ ഡോ. കരന്‍ ജെ ഹാര്‍പ്പര്‍ എന്നിവരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
സസ്യാഹാരം കഴിക്കുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞിരിക്കാനുളള പ്രധാന കാരണം ഉയര്‍ന്ന തോതില്‍ പൊട്ടാസിയം ശരീരത്തില്‍ എത്തുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒറ്റപ്പെട്ട് ജീവിക്കുന്ന സമൂഹങ്ങളിലും ഉയര്‍ന്ന തോതില്‍ പൊട്ടാസിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനാല്‍ അമിത രക്ത സമര്‍ദ്ദത്തിന്‍റെ പ്രശ്നം ഉണ്ടാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍, വ്യവസായവത്കൃത പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ടിന്നിലടച്ച ഭക്ഷണ സാമഗ്രികളും മറ്റും കഴിക്കുന്നത് അമിത രക്തസമ്മര്‍ദ്ദത്തിന്‍റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം ഭക്ഷണങ്ങളില്‍ സോഡിയം ധാരാളം അടങ്ങിയിരിക്കുന്നതും പ്രശ്നമാണ്.