യെമന്‍ പ്രതിരോധമന്ത്രാലയ ആക്രമണം: ഉത്തരവാദിത്വം അല്‍-ക്വയ്ദ ഏറ്റെടുത്തു

വെള്ളി, 6 ഡിസം‌ബര്‍ 2013 (17:50 IST)
PRO
PRO
യെമന്‍ പ്രതിരോധമന്ത്രാലയ വളപ്പില്‍ മലയാളി നഴ്സ് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍-ക്വയ്ദ ഏറ്റെടുത്തു. വ്യാഴാഴ്ചയാണ് ബാബ് അല്‍ യാമന്‍ ജില്ലയിലെ പ്രതിരോധ മന്ത്രാലയ വളപ്പില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കാര്‍ ബോംബ് സ്ഫോടത്തിലും വെടിവയ്പ്പിലും 52 പേരാണ് മരിച്ചത്. അല്‍-ക്വയ്ദയുടെ മാധ്യമവിഭാഗമായ അല്‍ മലാഹിം ആണ് ട്വിറ്ററിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്. അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ യെമന്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.

കോട്ടയം മണിമല സ്വദേശി രേണു ടി തോമസാണ് മരിച്ച മലയാളി നഴ്സ്. ആറ് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സനായിലെ പ്രതിരോധമന്ത്രാലയത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു ചാവേറുകള്‍ ചെയ്തത്. ഇവര്‍ക്ക് പിന്നാലെ സൈനിക വേഷം ധരിച്ച് ഭീകരരുടെ മറ്റൊരു സംഘവും എത്തി. അവര്‍ മന്ത്രാലയവളപ്പിലെ ആശുപത്രിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഏറെയും ആശുപത്രി ജീവനക്കാരാണ്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

വെബ്ദുനിയ വായിക്കുക