യെമനിലെ രഹസ്യനടപടിക്ക് ഒബാമയുടെ അംഗീകാരം

ബുധന്‍, 27 ജനുവരി 2010 (13:03 IST)
PRO
അല്‍-ക്വൊയ്ദ തീവ്രവാദികള്‍ക്കെതിരെ യെമന്‍- യുഎസ് സൈന്യത്തിന്‍റെ സംയുക്ത രഹസ്യനീക്കത്തിന് യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമ അംഗീ‍കാരം നല്‍കിയതായി റിപ്പോര്‍ട്ട്. ദ വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ ക്വൊയ്ദയ്ക്കെതിരായ യെമന്‍റെ സൈനിക നടപടികളില്‍ പ്രത്യക്ഷമായി തല്‍ക്കാലം അമേരിക്ക ഇടപെടില്ല. എന്നാല്‍ യെമന്‍ സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുക, അല്‍ ക്വൊയ്ദയ്ക്കെതിരായ ഓപ്പറേഷനുകളുടെ പദ്ധതിയും തന്ത്രങ്ങളും തയ്യാറാ‍ക്കുക തുടങ്ങിയ കാര്യങ്ങളില്‍ യെമനെ സഹായിക്കാനാണ് യുഎസിന്‍റെ നീക്കം. എന്നാല്‍ രഹസ്യനീക്കത്തിന് ഒബാമ അംഗീകാരം നല്‍കിയ വാര്‍ത്ത ഔദ്യോഗികമായി വൈറ്റ് ഹൌസ് പുറത്തുവിട്ടിട്ടില്ല.

ക്രിസ്മസ് ദിനത്തില്‍ യുഎസ് വിമാനത്തില്‍ സ്ഫോടനം നടത്താന്‍ ശ്രമിക്കവേ പിടിയിലായ അല്‍ ഖ്വൈദ പ്രവര്‍ത്തകന്‍ അബ്ദുള്‍ മുതല്ലാബ് ആണ് യെമന്‍ കേന്ദ്രീ‍കരിച്ച് അമേരിക്കയ്ക്കെതിരെ അല്‍-ക്വൊയ്ദ പടയൊരുക്കം നടത്തുന്നതായി വിവരം നല്‍കിയത്. യെമനിലെ തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ യുഎസിലേക്ക് വിടാന്‍ നിരവധി ചാവേറുകളെ അല്‍-ക്വൊയ്ദ ഒരുക്കുന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് യെമനിലെ അല്‍-ക്വൊയ്ദ താവളങ്ങള്‍ ആക്രമിക്കാന്‍ യുഎസ് മുന്‍കൈ എടുത്തത്.

നിലവില്‍ രഹസ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് അല്‍-കൊയ്ദയുടെ വിവരങ്ങള്‍ ചോര്‍ത്തി യെമന്‍ സൈന്യത്തെ അമേരിക്ക സഹായിക്കുന്നുണ്ട്. എന്നാല്‍ യുഎസ് വിമാനങ്ങളോ മിസൈലുകളോ ഓപ്പറേഷനുകള്‍ക്ക് ഉപയോഗിക്കുമോ എന്ന് തുറന്നുപറയാന്‍ വൈറ്റ് ഹൌസ് ഇതുവരെ തയ്യാറായിട്ടില്ല.

വെബ്ദുനിയ വായിക്കുക