ദുബായ്, അബൂദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഉള്‍പ്പെടെ യുഎഇയിലെ മിക്ക എമിറേറ്റ്സുകളിലും വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കനത്ത മഴ പെയ്യുകയാണ്. വ്യാഴാഴ്ച രാത്രി തന്നെ അല്‍പ്പം മഴ തുടങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ച യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍റെ അഭ്യര്‍ത്ഥന പ്രകാരം യുഎഇയിലെ എല്ലാ പള്ളികളിലും ഈദ് ഗാഹുകളിലും മഴയ്ക്ക് വേണ്ടി നിസ്കാരവും പ്രാര്‍ഥനയും നടന്നിരുന്നു.
കനത്ത മഴയാണ് പെയ്യുന്നത് എന്നതിനാല്‍ അബൂദാബി മുതല്‍ ദുബായ് റോഡുകളില്‍ മാര്‍ഗ്ഗ തടസ്സം അനുഭവപ്പെടുന്നുണ്ട്. ദുബായ് ഉള്‍പ്പെടെ യുഎഇയിലെ മിക്ക സ്ഥലങ്ങളിലും ആകാശം മേഘാ വ്രതമാണ്. കേരളത്തിലെ കാലാവസ്ഥയെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള മികച്ച മഴയാണ് എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്നത്. ജനങ്ങളുടെ പ്രാര്‍ത്ഥന അള്ളാഹു കേട്ടു എന്നാണ് ജനങ്ങള്‍ പറയുന്നത്.
യുഎഇയില്‍ ഇടിയോട് കൂടിയുള്ള കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ ശക്തമാവുകയാണെങ്കില്‍ അന്തരീക്ഷ താപ നില ഇനിയും താഴാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബായില്‍ ആകാശം മേഘാവൃതം ആയിരിക്കുന്നതിനാല്‍ രാവിലെ മുതല്‍ സൂര്യനെ കാണാന്‍ സാധിക്കുന്നില്ല. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുജ് ഖലീഫയുടെ, വെള്ളിയാഴ്ച ഉച്ചയ്ക്ക് എടുത്ത, ഫോട്ടോയാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്.