യുക്രൈന്‍ പ്രധാനമന്ത്രി രാജി വെച്ചു

ബുധന്‍, 29 ജനുവരി 2014 (10:39 IST)
PRO
യുക്രൈന്‍ പ്രധാനമന്ത്രി മൈക്കോല അസറോവും മന്ത്രിമാരും രാജിവെച്ചു. രാജി പ്രസിഡന്‍റ് വിക്‌തോര്‍ യാനുകോവിച്ച് അംഗീകരിച്ചു.

രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്ന് അസറോവ് പിന്നീട് പ്രതികരിച്ചു. സമ്മേളനത്തില്‍ പ്രക്ഷോഭവിരുദ്ധ നിയമങ്ങള്‍ പാര്‍ലമെന്‍റ് റദ്ദാക്കിയ ശേഷമായിരുന്നു മന്ത്രിസഭാംഗങ്ങളുടെ രാജി. രണ്ടാഴ്ചമുമ്പ് നിര്‍മിച്ച നിയമങ്ങളാണ് പാര്‍ലമെന്‍റ് ചൊവ്വാഴ്ച റദ്ദാക്കിയത്.

പ്രസിഡന്‍റിന്റെ പിന്തുണയോടെയുള്ള ഭരണ പരിഷ്‌കാരങ്ങള്‍ക്കും ഭേദഗതികള്‍ക്കും വേണ്ടിയുള്ള വോട്ടെടുപ്പിനായി പാര്‍ലമെന്‍റിന്റെ അടിയന്തര സമ്മേളനം ചൊവ്വാഴ്ച ചേരുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ രാജി എന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുന്നു.

പ്രക്ഷോഭകാരികള്‍ ഹെല്‍മെറ്റ് ധരിക്കുന്നതും പൊതു കെട്ടിടങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നതും വിലക്കുന്ന നിയമങ്ങള്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു. കലാപങ്ങള്‍ക്കിടെ കീവിലെ സ്ഥിതി യുദ്ധ സമാനമാകുകയും അഞ്ച് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പ്രക്ഷോഭകാരികള്‍ ഇപ്പോഴും തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ പ്രതിഷേധം തുടരുകയാണ്. പ്രധാനകേന്ദ്രമായ സ്വാതന്ത്ര്യ ചത്വരവും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവര്‍ കൈയടക്കിയിരിക്കുകയാണ്. പ്രസിഡന്‍റ് യാനുകോവിച്ച് രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അവരുടെ നിലപാട്.

വെബ്ദുനിയ വായിക്കുക