രാഷ്ട്രീയക്കാരി ആവാന്‍ ആഗ്രഹിക്കുന്ന ഒരു മധുരപ്പതിനേഴുകാരിയാണ് ഈ വര്‍ഷത്തെ മിസ് അമേരിക്ക കിരീടം സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന സൌന്ദര്യ മത്സരത്തില്‍ 52 സുന്ദരികളെ പിന്തള്ളിയാണ് നെബ്രാസ്കയില്‍ നിന്നുള്ള തെരേസ സ്കാന്‍ലന്‍ അമേരിക്കന്‍ സൌന്ദര്യ കിരീടം ചൂടിയത്.
സ്കാലന് നിയമ പഠനം നടത്തണമെന്നും ജ്ഡ്ജി ആവണമെന്നും അതിനു ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കണം എന്നുമാണ് ആഗ്രഹം. മത്സര വിജയത്തിലൂടെ 50,000 ഡോളറാണ് സമ്മാനത്തുകയായി ലഭിച്ചത്.
മിസ് അര്‍ക്കന്‍സാസ് ആലിസ് ഈഡി ഒന്നാം റണ്ണറപ്പും മിസ് ഹവായ് ജലീ ഫ്യുസ്‌ലിയര്‍ രണ്ടാം റണ്ണറപ്പുമായി. ഇരുവര്‍ക്കും 25,000 ഡോളര്‍ വീതം സമ്മാനം ലഭിക്കും.
1921 ന് ശേഷം നടന്ന മത്സരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ മിസ് അമേരിക്ക തെരേസയാണ് എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു എങ്കിലും യുഎസ് സൌന്ദര്യ മത്സര ചരിത്രം പറയുന്നത് മറ്റൊരു കഥയാണ്. 1921 ല്‍ കൊളംബിയയില്‍ നിന്നുള്ള പതിനഞ്ചുകാരി മാര്‍ഗരറ്റ് ഗോര്‍മന്‍ ആയിരുന്നു സൌന്ദര്യ കിരീടം സ്വന്തമാക്കിയത്. 1933 -ല്‍ നടന്ന മത്സരത്തില്‍ കണക്ടിക്യൂട്ടില്‍ നിന്നുള്ള പതിഅനഞ്ചര വയസ്സുകാരി മരിയന്‍ ബര്‍ജിയോണ്‍ സൌന്ദര്യ കിരീടം നേടി.
1940-ല്‍ കാലിഫോര്‍ണിയയുടെ റോസ്മേരി ലാ പ്ലാഞ്ചെ തന്റെ പതിനാറാം വയസ്സില്‍ സുന്ദരിപ്പട്ടം സ്വന്തമാക്കിയിരുന്നു എങ്കിലും ചില നിബന്ധനകള്‍ കാരണം കിരീടം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പ്രായം പുനര്‍നിര്‍ണയം ചെയ്തിരുന്നു എങ്കിലും അത് അവഗണിച്ചായിരുന്നു റോസ്മേരി മത്സരത്തില്‍ പങ്കെടുത്തത്.