മുഷറഫ് രാജി നല്‍കണം: ഷരീഫ്

PTI
പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് ഐദ്യോഗിക പദവി ഒഴിയണമെന്ന് മുന്‍ പ്രധാനമന്ത്രിയും പി‌എം‌എല്‍-എന്‍ അധ്യക്ഷനുമായ നവാസ് ഷരീഫ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച ജനവികാരത്തെ മുഷറഫ് മാനിക്കണം എന്നും പദവി ഒഴിയണമെന്നും നവാസ് ഷരീഫ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തനിക്കും സഹോദരന്‍ ഷഹബാസ് ഷരീഫിനും മത്സരിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ പാര്‍ട്ടിയുടെ നില ഇപ്പോഴുള്ളതിലും മെച്ചപ്പെടുമായിരുന്നു എന്നും മുഷറഫിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുമായിരുന്നു എന്നും നവാസ് പറഞ്ഞു. നവാസിന്‍റെ സഹോദരന്‍ ഷഹബാസ് ഷരീഫ് മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.

പാകിസ്ഥാനില്‍ അമേരിക്കന്‍ സ്വാധീനം വേണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഭരണം നടത്തുമെന്നും പുതിയ സര്‍ക്കാര്‍ ഒരു സ്വേച്ഛാധിപതിയുടെ നിയന്ത്രണത്തില്‍ ആയിരിക്കില്ല എന്നും നവാസ് ഷരീഫ് പറഞ്ഞു.

തിങ്കളാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പര്‍വേസ് മുഷറഫിനെ പിന്തുണയ്ക്കുന്ന പി‌എം‌എല്‍-ക്യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാകിസ്ഥാന്‍ മുസ്ലീം ലീഗും ഷരീഫിന്‍റെ പി‌എം‌എല്‍-എന്‍ ഉം വലിയ ഒറ്റക്കക്ഷികളായി. ഭൂരിപക്ഷം നേടിയ പാര്‍ട്ടികള്‍ തമ്മില്‍ ഭരണം പങ്കിടാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ്.

1999 ല്‍ നടന്ന പട്ടാള അട്ടിമറിയിലൂടെ നവാസ് ഷരീഫിന്‍റെ സര്‍ക്കാരിനെ പുറത്താക്കിയായിരുന്നു മുഷറഫ് അധികാരത്തില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക