പാകിസ്ഥാനില്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിനെതിരായ കുറ്റപത്രം ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍ ചേര്‍ന്ന് തയാറാക്കി. അടുത്ത ആഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ഇംപീച്ച്‌മെന്‍റ് പ്രമേയത്തോടൊപ്പം ഈ കുറ്റപത്രവും സമര്‍പ്പിക്കുമെന്ന് പാക് അധികൃതര്‍ പറഞ്ഞു.
പ്രത്യേക കമ്മിറ്റി ആണ് കുറ്റപത്രം തയാറാക്കിയത്. ഇത് നിയമമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിവരാവകാശ മന്ത്രി ഷെറി റഹ്‌മാന്‍ പറഞ്ഞു.
ഈ കുറ്റപത്രം ഭരണസഖ്യത്തിലെ എല്ലാ കക്ഷികളുടെയും നേതാക്കള്‍ക്ക് സമര്‍പ്പിക്കും. ഇതിന് ശേഷമേ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കുകയുള്ളൂവെന്ന് ഷെറി റഹ്‌മാന്‍ പറഞ്ഞു.
അതിനിടെ, മുഷറഫ് വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ബലൂചിസ്ഥാന്‍ പ്രവിശ്യാ അസംബ്ലിയും പ്രമേയം പാസാക്കി. മറ്റ് മൂന്ന് പ്രവിശ്യാ അസംബ്ലികള്‍ നേരത്തേ മുഹറഫിനെതിരായ പ്രമേയം പാസാക്കിയിരുന്നു.