ഈജിപ്ത് പ്രസിഡന്റ് ഹോസ്നി മുബാറക് രാജിവച്ചു. പതിനെട്ട് ദിവസം നീണ്ടുനിന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് തന്റെ മുപ്പത് വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് മുബാറക് തന്റെ കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങിയത്. അധികാരം താല്‍ക്കാലികമായി സൈന്യത്തിന്റെ പരമോന്നത കൌണ്‍സിലിനു കൈമറിയതായി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞിരുന്നു. ജനസമുദ്രം ആര്‍ത്തലച്ച് വരുമ്പോഴേക്കും പ്രസിഡന്റും കുടുംബവും തെക്കന്‍ നഗരമായ ശറം അല്‍ ശൈഖിലെ ഒരു റിസോര്‍ട്ടിലേക്ക് പലായനം ചെയ്തിരുന്നു. ഇനി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്റെ നേതൃത്വത്തില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.
“എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ് ഇത്” എന്നായിരുന്നു പ്രതിപക്ഷ നേതാവ് മുഹമ്മദ് എല്‍ബറാദി അഭിപ്രായപ്പെട്ടത്. താന്‍ പ്രസിഡന്റ് പദത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും എല്‍ബറാദി പറഞ്ഞു.
പ്രസിഡന്റിന്റെ രാജി വാര്‍ത്ത അറിഞ്ഞ ഈജിപ്ത് അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിഞ്ഞു. രാജ്യത്തുടനീളം ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. യഥാര്‍ത്ഥത്തില്‍, ഏതാനും യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് ഈജിപ്തിനെയാകമാനം പ്രതിഷേധാഗ്നിയില്‍ ജ്വലിപ്പിച്ചത്.
മുബാറക്കിന്റെ രാജിവാര്‍ത്ത ലോകരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു. 1981-ല്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് മരിച്ചതോടെയാണ് അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന ഹോസ്നി മുബാറക് സാരഥ്യം ഏറ്റെടുത്തത്.