മുതലയുടെ ആക്രമണം: ബീച്ചില്‍ നീന്തുകയായിരുന്ന യുവതിയെ കാണാതായി

തിങ്കള്‍, 30 മെയ് 2016 (13:42 IST)
മുതലയുടെ ആക്രമണത്തെ തുടര്‍ന്ന് ആസ്ട്രേലിയയില്‍ യുവതിയെ കാണാതായി. ആസ്ട്രേലിയയിലെ പ്രശസ്തമായ ഡെയ്ന്‍ട്രീ ദേശീയോദ്യാനത്തിലെ തോണ്‍ടോണ്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ബീച്ചിലെ ആഴം കുറഞ്ഞ ഭാഗത്ത് നീന്തുകയായിരുന്ന 46കാരിയായ യുവതിയെ മുതല അക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് യുവതിയുടെ കൈയില്‍ പിടിച്ച് വലിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഹെലിക്കോപ്റ്ററും ബോട്ടും ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച വീണ്ടും അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 
അതേസമയം, ബീച്ചില്‍ മുതലയുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് യുവതിയുടെ സഹൃത്ത് പറഞ്ഞു. ആസ്ട്രേലിയയില്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ മുതലയുടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2009ല്‍ അഞ്ചു വയസുകാരനും 1985ല്‍ 45 വയസുകാരിയും ആസ്ട്രേലിയയില്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. മുതലകളുടെ സംരക്ഷണാര്‍ഥം 1971ല്‍ നിലവില്‍ വന്ന നിയമത്തെ തുടര്‍ന്ന് മുതലകള്‍ വര്‍ധിച്ചത് പ്രദേശവാസികള്‍ക്ക് ഭീഷണിയായിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക