മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പദ്ധതി തയ്യാറാക്കിയത് പാകിസ്ഥാനില്‍ വച്ചല്ല മറിച്ച് യൂറോപ്പില്‍ വച്ചാണെന്ന് പാകിസ്ഥാന്‍ ആഭ്യന്തര വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മാധ്യമ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ ജിയോ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച പരിശോധിക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ പിടിയിലായ അജ്മല്‍ അമിന്‍ കസബ് ഉള്‍പ്പെടെ അഞ്ച് പാകിസ്ഥാന്‍ വംശജര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇന്ത്യ കൈമാറിയ തെളിവുകള്‍ക്കുള്ള മറുപടിക്ക് പാകിസ്ഥാന്‍ അന്തിമ രൂപം നല്‍കുമെന്ന് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി ഞായറാഴ്ച പറഞ്ഞിരുന്നു.
ഒരു യൂറോപ്യന്‍ രാജ്യത്ത് വച്ചാണ് ഭീകരര്‍ ആക്രമണ പദ്ധതി ഒരുക്കിയത്. ഇവര്‍ ഇന്‍റര്‍നെറ്റ് സംവിധാനമുപയോഗിച്ചാണ് പരസ്പരം ബന്ധപ്പെട്ടത് എന്നും അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പാകിസ്ഥാനില്‍ വിചാരണ നടത്താനാണ് നീക്കം. കസബില്‍ നിന്ന് ആക്രമണത്തില്‍ പങ്കാളികളായ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരം ശേഖരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. കസബിനെ കോണ്‍സുലേറ്റ് വഴി ബന്ധപ്പെടുമോ എന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല.