മഹാത്മജിയുടെ ചിതാഭസ്മം നാളെ നിമജ്ജനം ചെയ്യും

വെള്ളി, 29 ജനുവരി 2010 (13:34 IST)
PRO
രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ കടലില്‍ നിമജ്ജനം ചെയ്യും. 62 വര്‍ഷം മുമ്പ് നടന്ന ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷം ഒരു കുടുംബസുഹൃത്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന ചിതാഭസ്മമാണ് ശനിയാഴ്ച നിമജ്ജനം ചെയ്യുന്നത്.

സാധാരണയായി ഒരു വ്യക്തി മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിതാഭസ്മം നിമജ്ജനം നടത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗാന്ധിജിയുടെ ചിതാഭസ്മം വിഭജിച്ച് വിവിധ കുടങ്ങളിലാക്കി അദ്ദേഹത്തിന്‍റെ പിന്‍‌ഗാമികള്‍ക്ക് നല്‍കുകയും ഇന്ത്യയുടെ പലഭാഗത്തും വിദേശ രാജ്യങ്ങളിലും കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് പല ഗാന്ധിസ്മാരകങ്ങളിലും ഇത് സ്ഥാപിക്കുകയും ചിലത് നിമജ്ജനം ചെയ്യുകയും ചെയ്തു.

ഇപ്പോള്‍, 62 വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ ഒരു ചിതാഭസ്മ ഭാഗമാണ് നിമജ്ജനം ചെയ്യാനായി ഒരുങ്ങുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ചിതാഭസ്മം ദക്ഷിണാഫ്രിക്കയിലെ കടലില്‍ നിമജ്ജനം ചെയ്യുമെന്ന് മഹാത്മജിയുടെ ചെറുമകള്‍ ഇളാഗാന്ധി അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പ് മുംബൈയിലാണ് ഗാന്ധിജിയുടെ ചിതാഭസ്മ നിമജ്ജനച്ചടങ്ങ് അവസാനമായി നടന്നത്.

വെബ്ദുനിയ വായിക്കുക