മര്‍ദ്ദനമേറ്റ ഇന്ത്യക്കാരന്‍ യുഎസില്‍ മരിച്ചു

ബുധന്‍, 30 ജൂണ്‍ 2010 (12:52 IST)
കൌമാരക്കാരായ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനായ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ യുഎസില്‍ മരിച്ചു. ന്യൂജഴ്സിയില്‍ വച്ച് മൂന്ന് ദിവസം മുമ്പ് ആക്രമണത്തിനിരയായ ദിവ്യേന്ദു സിന്‍‌ഹ (49) എന്ന ഇന്ത്യന്‍ ശാസ്ത്രനാണ് മരിച്ചത്.

സിന്‍‌ഹയും രണ്ട് ആണ്‍മക്കളും വെള്ളിയാഴ്ച രാത്രി ന്യൂജഴ്സിയിലെ ഓള്‍ഡ് ബ്രിഡ്ജിന് സമീപമുള്ള വീടിന് സമീപത്തുകൂടി നടന്നു പോകുമ്പോഴാണ് ആക്രമണം നടന്നത്. കാറിലെത്തിയ മൂന്നംഗ സംഘം പൊടുന്നനെ സിന്‍‌ഹയെയും മക്കളെയും ആക്രമിക്കുകയായിരുന്നു. പതിനേഴ് വയസ്സ് പ്രായമുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

സിന്‍‌ഹയുടെ പരുക്ക് ഗുരുതരമായിരുന്നു. എന്നാള്‍, മക്കള്‍ക്ക് സാരമായ പരുക്ക് പറ്റിയിരുന്നില്ല. അക്രമികളെ മൂന്ന് പേരെയും കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു. ആക്രമണം വംശീയപരമാണെന്ന് പറയാനാവില്ല എന്ന് പൊലീസ് അധികൃതര്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്തവരായതിനാല്‍ പൊലീസ് അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല.

ഖരഗ്പൂര്‍ ഐ‌ഐടിയില്‍ നിന്ന് ബിരുദമെടുത്ത സിന്‍‌ഹ ഹൊബൊകനിലെ സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നായിരുന്നു പി‌എച്ച്‌ഡി എടുത്തത്. ഇപ്പോള്‍ സീമെന്‍സില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

വെബ്ദുനിയ വായിക്കുക