ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അമേരിക്ക പിന്‍വലിച്ചു. വിലക്ക് നീങ്ങിയതോടെ യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന സൈനികരുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാം.
1991ല്‍ ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് അന്നത്തെ പ്രസിഡന്‍റായിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ ആണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ താല്‍പര്യം മുന്‍ നിര്‍ത്തിയാണ് നിരോധനം എന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ യുദ്ധങ്ങളില്‍ ഉണ്ടാകുന്ന ആള്‍നാശം മൂടി വയ്ക്കാനാണ് നിരോധനമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നിരോധനം പിന്‍വലിക്കുന്നതായി അമരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് അറിയിച്ചു. മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ അനുവദിച്ചാല്‍ ഇനി ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാം. പ്രസിഡന്‍റ് ബരാക് ഒബാമയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതിരോധ വകുപ്പിന്‍റെ തീരുമാനത്തെ വൈറ്റ് ഹൗസ് സ്വാഗതം ചെയ്‌തിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5000 സൈനികരാണ് രണ്ടു യുദ്ധങ്ങളിലുമായി മരണമടഞ്ഞത്.