മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരാഴ്ച!

ബുധന്‍, 20 ജനുവരി 2010 (12:03 IST)
ഹെയ്തിയില്‍ ഭൂകമ്പമുണ്ടായിട്ട് ഒരാഴ്ചയായി. രണ്ടുലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇപ്പോഴും മൃതശരീരങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുന്നു. എന്നാല്‍, ചൊവ്വാഴ്ച ഒരു അത്ഭുതം സംഭവിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു മാറ്റുന്നവര്‍ ജീവനോടെ ഒരാളെ അവിടെനിന്നു കണ്ടെത്തി. ഒരു മുത്തശ്ശിയെ!

അതെ, കഴിഞ്ഞ ഒരാഴ്ചയായി, തകര്‍ന്നുവീണ റോമന്‍ കാത്തലിക് കത്തീഡ്രലിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രാര്‍ത്ഥനകളോടെ കഴിയുകയായിരുന്ന അന്നാ സിസി എന്ന എഴുപതുകാരിയെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഈ മുത്തശ്ശി അപ്പോഴും പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിടുകയായിരുന്നു. ഉടന്‍ തന്നെ അന്നാ സിസിയെ ആശുപത്രിയിലെത്തിച്ചു.

“രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ സംഭവം ഒരു അത്ഭുതമായിരുന്നു. ആ മുത്തശ്ശി ഈ ഒരാഴ്ചക്കാലം ജീവനോടെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ കഴിയുന്നില്ല” - ബ്രിട്ടീഷ് ചാരിറ്റി ക്രിസ്ത്യന്‍ എയ്ഡിന്‍റെ പ്രവര്‍ത്തകയായ സാറാ വില്‍‌സണ്‍ പറയുന്നു.

“രക്ഷാപ്രവര്‍ത്തകര്‍ അവരെ കണ്ടെത്തിയപ്പോള്‍ അവര്‍ പ്രാര്‍ത്ഥനകള്‍ ഉറക്കെ ചൊല്ലുകയായിരുന്നു. ഉടന്‍ തന്നെ ട്യൂബ് വഴി അവര്‍ക്ക് വെള്ളം കൊടുത്തു. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് അങ്ങനെ ഒരു കാഴ്ചയുടെ സന്തോഷം അടക്കാനായില്ല. അവര്‍ കയ്യടിച്ചും പരസ്പരം ആലിംഗനം ചെയ്തും ഈ സംഭവത്തിന്‍റെ സന്തോഷം പങ്കുവച്ചു” - സാറാ വില്‍‌സണ്‍ സാക്‍ഷ്യപ്പെടുത്തി.

ഇനിയും ആയിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്നാണ് കരുതുന്നത്. അന്നാ സിസി ജീവനോടെ രക്ഷപെട്ടതോടെ ഇനിയും ആരെങ്കിലുമൊക്കെ ജീവനോടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

വെബ്ദുനിയ വായിക്കുക