പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം അന്വേഷിക്കുന്ന യുഎന്‍ കമ്മീഷന്‍റെ കാലാവധി മുന്ന് മാസത്തേക്കു കൂടി നീട്ടി. കേസില്‍ പാകിസ്ഥാനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അപഗ്രഥിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായതിനാലാണ് നടപടിയെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്‍റെ വക്താവ് മാര്‍ട്ടിന്‍ നെസേര്‍ക്കി അറിയിച്ചു.
കമ്മീഷന്‍റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കാലാവധി നീട്ടണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഹെറാള്‍ഡോ മുനോസ് ആവശ്യപ്പെട്ടിരുന്നതായി നെസേര്‍ക്കി വ്യക്തമാക്കി. കാലാവധി നീട്ടിയ കാര്യം പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
2007 ഡിസംബര്‍ ഇരുപത്തിയേഴിനാണ് ബേനസീര്‍ ഭൂട്ടൊ കൊല്ലപ്പെടുന്നത്. റാവല്‍പിണ്ടിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ച് മടങ്ങവേയുണ്ടായ ആക്രമണത്തിലയിരുന്നു മരണം.
സംഭവത്തെക്കുറിച്ച് പാകിസ്ഥാന്‍ സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ കൊല്ലപ്പെട്ട തലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്‌സൂദാണ് ഭൂട്ടോയെ വധിക്കാന്‍ നീക്കം നടത്തിയതെന്നാണ് ഈ അന്വേഷണത്തില്‍ വ്യക്തമായിരുന്നത്. എന്നാല്‍ ഈ കണ്ടെത്തലില്‍ ഭൂട്ടോ അനുകൂലികള്‍ തൃപ്തരല്ല.