ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പഠിക്കാന്‍ ഇടമില്ല

ശനി, 9 മെയ് 2015 (13:08 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇടമില്ല. ഏപ്രില്‍ 25ന് ഉണ്ടായ ഭൂകമ്പം ഏറ്റവും ഭീകരമായി ബാധിച്ച ജില്ലകളില്‍, പത്തില്‍ ഒമ്പത് വിദ്യാലയങ്ങളും തകര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുണൈസെഫ് ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
 
ഏകദേശം, 24, 000 ക്ലാസ് റൂമുകള്‍ക്ക് ഭൂകമ്പത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതേസമയം, കുട്ടികള്‍ക്ക് താല്‍കാലികമായി പഠനത്തിനുള്ള സംവിധാനം ഒരുക്കാന്‍ യുണൈസെഫ് തയ്യാറെടുക്കുകയാണ്. നിലവില്‍ നേപ്പാളില്‍ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. മെയ് 15ന് സ്കൂളുകള്‍ തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഭൂകമ്പം ബാധിച്ച് രണ്ട് ആഴ്ച കഴിയുമ്പോള്‍ മരണസംഖ്യ 8000 കടന്നിട്ടുണ്ട്. നിരവധി പേരാണ് ആശുപത്രികളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 15, 000 കടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന വിവരം.
 
അതേസമയം, കുട്ടികള്‍ക്ക് വിദ്യാലയം അത്യാവശ്യമാണെന്ന് അറിയാമെന്ന് കാഠ്‌മണ്ഡുവിലെ യുണൈസെഫ് വക്താവ് കെന്റ് പേജ് ബി ബി സിയോട് പറഞ്ഞു. പഠിക്കുന്നതിനു മാത്രമല്ല, വിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ കൂടിയാണ്. ഭൂകമ്പം ഉണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ വിദ്യാലയങ്ങള്‍ തുറക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 
വിദ്യാലയങ്ങള്‍ തുറക്കുകയാണെങ്കില്‍ അത് കുട്ടികളെ ചൂഷണത്തില്‍ നിന്നും ദുരുപയോഗത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക