ബ്രസീലിലെ ആമസോണില്‍ ഒരു ചെറുവിമാനം തകര്‍ന്ന് 16 പേര്‍ മരിച്ചതായി സംശയം. വിമാനത്തില്‍ 20 പേര്‍ ഉണ്ടായിരുന്നു എന്ന് ഔദ്യോഗിക വിശദീകരണം. എന്നാല്‍, വിമാനത്തില്‍ 24 പേര്‍ ഉണ്ടായിരുന്നു എന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വനമേഖലയായ മനോസിലേക്ക് പറന്ന വിമാനമാണ് തകര്‍ന്നത്. യാത്രക്കാരില്‍ നാല് പേര്‍ രക്ഷപെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന് വീണ വിമാനത്തില്‍ നിന്ന് ആറ് മൃതശരീരങ്ങള്‍ ലഭിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
വനമേഖലയിലെ പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് സര്‍വീസ് നടത്തുന്ന എയര്‍ ടാക്സിയാണ് തകര്‍ന്നത്. ആമസോണാസിന്‍റെ തലസ്ഥാനമായ മനോസിന് 80 കിലോമീറ്റര്‍ അകലെ ഒരു നദിയിലാണ് വിമാനം തകര്‍ന്ന് വീണത്. ശനിയാഴ്ചയായിരുന്നു അപകടം നടന്നത്.