ബ്രസീല്‍ തോറ്റതിന് പത്താം ക്ലാസുകാരി തൂങ്ങിമരിച്ചു

ചൊവ്വ, 15 ജൂലൈ 2014 (12:17 IST)
തന്റെ പ്രീയ ടീമായ ബ്രസീല്‍ ലോകകപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി പുറത്തായതില്‍ മനംനൊന്ത് പതിനഞ്ചുകാരി തൂങ്ങിമരിച്ചു. കിഴക്കന്‍ നേപ്പാളിലെ സുന്‍സാരി ജില്ലയിലെ പ്രഗ്യ ഥാപ്പ എന്ന പെണ്‍കുട്ടിയാണ് ദു:ഖം സഹിക്കാനാകാതെ ജീവന്‍ ത്യാകം ചെയ്തത്.

പ്രഗ്യ ഥാപ്പ ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധകയായിരുന്നു. ടീം ബ്രസീല്‍ ഫൈനലിലെത്തുമെന്ന് പ്രഗ്യ ഉറപ്പിച്ചിരുന്നു. മറ്റു ടീമുകളുടെ ആരാധകരായ സുഹൃത്തുക്കളുമായി ഇതെക്കുറിച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെടാറുമുണ്ടായിരുന്നു പത്താം ക്ലാസുകാരിയായ പ്രഗ്യ.

എന്നാല്‍ ബ്രസീല്‍ ജര്‍മന്‍ ടീമിനോട് 7-1ന് തോറ്റത് പ്രഗ്യ ഥാപ്പയ്ക്ക് സഹിക്കാനായില്ല. തുടര്‍ന്ന് ബ്രസീലിന്റെ തോല്‍വിയില്‍ കൂട്ടുകാര്‍ കളിയാക്കിയതും പ്രഗ്യയുടെ മനോവിഷമം ഇരട്ടിപ്പിച്ചു. കൂടാതെ മാതാവും സഹോദരിയും ജര്‍മനിയുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുകകൂടി ചെയ്തതോടെ പ്രഗ്യയ്ക്ക് മനോനിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ആരോടും സംസാരിക്കാതെ നടന്ന പ്രഗ്യ പഠിക്കാനെന്ന വ്യാജേനെ സ്വന്തം റൂമില്‍ കയറി  തൂങ്ങി മരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക