ബേനസീര്‍ വധത്തില്‍ പങ്കില്ലെന്ന് മുഷറഫ്

ബുധന്‍, 21 ഏപ്രില്‍ 2010 (16:58 IST)
PRO
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റും സൈനിക മേധാവിയുമായിരുന്ന പര്‍വ്വേസ് മുഷറഫ്. ബേനസീറിന് അധികൃതര്‍ മതിയായ സുരക്ഷ നല്‍കിയില്ലെന്ന യു‌എന്‍ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ അന്ന് പ്രസിഡന്‍റായിരുന്ന മുഷറഫിനെതിരെ നടപടിക്ക് പാകിസ്ഥാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് മുഷാറഫിന്‍റെ പ്രതികരണം.

മുഷറഫിന്‍റെ ഒരു അടുത്ത അനുയായിയാണ് അദ്ദേഹത്തിന് വേണ്ടി പ്രതികരണം അറിയിച്ചത്.
ബേനസീര്‍ കൊല്ലപ്പെടുന്ന 2007 ഡിസംബര്‍ ഇരുപത്തിയേഴിന് മുഷാറഫ് സൈനിക മേധാവിയോ സര്‍ക്കാര്‍ തലവനോ അല്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ബേനസീറിന്‍റെ സുരക്ഷാ വീഴ്ചയുടെ പേരില്‍ മുഷാറഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ മുഷാറഫിന്‍റെ വാദം ദുര്‍ബ്ബലമാണെന്നാണ് പാകിസ്ഥാന്‍ നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഷൌക്കത്ത് അസീസ് ആയിരുന്നു അന്ന് പ്രധാനമന്ത്രി. എന്നാല്‍ അധികാരങ്ങള്‍ എല്ലാം പ്രസിഡന്‍റായ മുഷാറഫില്‍ നിക്ഷിപ്തമായിരുന്നു. അടുത്തിടെയാണ് ഭരണഘടനാഭേദഗതിയിലൂടെ പാകിസ്ഥാന്‍ പ്രസിഡന്‍റിന്‍റെ അധികാരം കുറച്ചത്.

അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ മുഷാറഫിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയേക്കുമെന്നും സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഷാറഫിന്‍റെ പ്രതികരണം. ബേനസീര്‍ കൊല്ലപ്പെട്ട റാവല്‍പിണ്ടി റാ‍ലിയില്‍ അവരുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിക്കപ്പെട്ടിരുന്ന എട്ടുപേരെ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക