ബിഗ് ബി ചിത്രത്തോടെ കാന്‍ ചലച്ചിത്രോല്‍സവത്തിന് തുടക്കം

വ്യാഴം, 16 മെയ് 2013 (18:09 IST)
PRO
PRO
അമിതാഭ്‌ ബച്ചന്റെ ദി ഗ്രേറ്റ്‌ ഗാറ്റ്സ്ബിയെന്ന ത്രിഡി ചിത്രത്തോടെ കാന്‍ ചലച്ചിത്രോല്‍സവത്തിന് തുടക്കം. വിഖ്യാത ഓസ്ട്രേലിയന്‍ സംവിധായകന്‍ ബസ്‌ ലൂവര്‍മാന്‍ ഒരുക്കിയ ചിത്രത്തില്‍ ലിയനാര്‍ഡോ ഡി കാപ്രിയോയും, ടോബി മക്വയറുമാണ് മുഖ്യവേഷത്തില്‍.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രോല്‍സവമായ കാന്‍ മേളയില്‍ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്കുള്ള ആദരമായി ബോംബെ ടാക്കീസ്‌ എന്ന പേരില്‍ പ്രത്യേക വിഭാഗം ഒരുക്കിയിട്ടുണ്ട്‌.അനുരാഗ്‌ കശ്യപ്‌, ദീപാകര്‍ ബാനര്‍ജി, സോയാ അക്‌തര്‍, കരണ്‍ ജോഹര്‍ എന്നിവരുടെ പടങ്ങള്‍ ബോംബെ ടാക്കീസില്‍ പ്രദര്‍ശിപ്പിക്കും. 11 വര്‍ഷമായി മുടങ്ങാതെ ക്ഷണം ലഭിക്കുന്ന ഐശ്വര്യറായിക്കൊപ്പം സോനം കപൂറിനും, ഫ്രീദ പിന്റോക്കും ക്ഷണം ഉണ്ടായിരുന്നു .

നാല്‌ ഇന്ത്യന്‍ ചിത്രങ്ങളാണ് കാനില്‍ മത്സരത്തിനുള്ളത്‌. ‌ബോംബെ ടാക്കീസ്‌, അഗി, ധാബ, മണ്‍സൂണ്‍ ഷൂട്ടൗട്ട്‌ എന്നീ ഇന്ത്യന്‍ ചിത്രങ്ങളാണ്‌ മത്സരിക്കാനുള്ളത്‌. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്‌ അധ്യക്ഷനായ ജൂറിയില്‍ വിദ്യാ ബാലനടക്കം ഒന്‍പതുപേരുണ്ട്.

ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിക്കൊപ്പം വിഖ്യാത സിനിമ ക്ലിയോപാട്രയുടെ അന്‍പതാം വാര്‍ഷികാഘോഷവും ഇത്തവണ കാനിനെ വിശേഷപ്പെട്ടതാക്കുന്നു. എലിസബത്ത്‌ ടെയ്‌ലര്‍ അനശ്വരമാക്കിയ ചിത്രത്തില്‍ ആന്റണിയായി വേഷമിട്ടത്‌ റിച്ചാര്‍ഡ്‌ ബര്‍ട്ടനായിരുന്നു.

വെബ്ദുനിയ വായിക്കുക