ബഹിരാകാശയാത്ര നടത്തിയ മൃഗങ്ങള്‍ക്കൊപ്പം ഇറാന്റെ കുരങ്ങും!

ചൊവ്വ, 29 ജനുവരി 2013 (11:24 IST)
PRO
PRO
കുരങ്ങിനെ വിജയകരമായി ബഹിരാകാശത്ത് അയച്ച് തിരിച്ചെത്തിച്ചതായി ഇറാന്‍. ഇറാന്‍ സ്റ്റേറ്റ് ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തമായി വികസിപ്പിച്ച കവോസ്കര്‍ റോക്കറ്റിലാണ് കുരങ്ങിനെ ബഹിരാകാശത്തേക്ക് അയച്ചതെന്ന് ടെഹ്‌റാന്‍ വ്യക്തമാക്കുന്നു. കുരങ്ങിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇത് എന്നാണ് നടന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. 2019ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം എന്ന് ഇറാന്‍ പ്രസിഡന്‍റ് മെഹ്മൂദ് അഹമ്മദി നെജാദ് അറിയിച്ചിട്ടുമുണ്ട്.

അതേസമയം ബഹികാരാശയാത്രയുടെ മറപിടിച്ച് ദീര്‍ഘ-ദൂര ആണവ മിസൈല്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇറാന്‍ നടത്തുന്നത് എന്നാണ് യു എസ് പോലുള്ള രാജ്യങ്ങള്‍ സംശയിക്കുന്നത്.

ഇറാന്‍ കുരങ്ങിനെ അയക്കുന്നതിന് മുമ്പ് മറ്റ് രാജ്യങ്ങളും മൃഗങ്ങളെ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. പഴത്തിലും മറ്റും കാണുന്ന ഈച്ചകളാണ് ആദ്യമായി ബഹിരാകാശത്ത് പോയ ജീവനുള്ളവ. 1947ല്‍ ആയിരുന്നു ഇത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആര്‍ബര്‍ട്ട് എന്ന് പേരുള്ള റീസസ് കുരങ്ങിനെ നാസ V-2 റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയച്ചു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആല്‍ബര്‍ട്ട് ശ്വാസം‌മുട്ടി മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആല്‍ബര്‍ട്ടിന്റെ പിന്‍‌ഗാമി ആല്‍ബര്‍ട്ട്-2 എന്ന കുരങ്ങന്‍ ബഹിരാകാശത്ത് വിജയകരമായി എത്തി. പക്ഷേ ലാന്‍ഡിംഗിനിടെ പാരച്യൂട്ട് ചതിച്ചു, ഈ കുരങ്ങും മരണത്തിന് കീഴടങ്ങി. പിന്നീട് അയച്ച ആല്‍ബര്‍ട്ട് 3, 4, 5, 6 എന്നീ കുരങ്ങുകളും ബഹിരാകാശ യാത്രയ്ക്കിടെ മരിച്ചു.

അടുത്ത പേജില്‍- ‘ഹാം’ എന്ന ഹീറോ; പക്ഷേ ലെയ്ക്ക നൊമ്പരമായി

‘ഹാം’ എന്ന ഹീറോ; പക്ഷേ ലെയ്ക്ക നൊമ്പരമായി

എലി, മുയല്‍ തുടങ്ങിയ മൃഗങ്ങളെ ബഹിരാകാശത്തേക്ക് അയക്കാന്‍ സോവിയറ്റ് യൂണിയന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ജീവനോടെ തിരിച്ചെത്തിയില്ല. 1954ല്‍ രണ്ട് പട്ടികളെ അയച്ച് ജീവനോടെ തിരിച്ചെത്തിച്ചു എന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. 1957ല്‍ ലെയ്ക്ക എന്ന തെരുവുനായയെ സ്പുട്നിക് 2 ഫ്ലൈറ്റില്‍ അവര്‍ ബഹിരാകാശത്തേക്ക് അയച്ചു. ഏത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് യാത്രയ്ക്ക് തെരുവുനായയെ തെരഞ്ഞെടുത്തത്. ലെയ്ക്ക ആറ് ദിവസം ജീവിച്ചു എന്നാണ് സോവിയറ്റ് യൂണിയന്‍ അവകാശപ്പെട്ടത്. പക്ഷേ ചൂടുതാങ്ങാ‍ന്‍ കഴിയാതെ ലെയ്ക്ക മണിക്കൂറുകള്‍ക്കം തന്നെ മരിച്ചു എന്ന് 2002ല്‍ പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നു.

യു എസ് സ്പേസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹാം എന്ന ചിമ്പാന്‍സിയെ ബഹിരാകാശത്തെക്ക് അയച്ചത്. മെര്‍ക്കുറി- റെഡ്സ്റ്റോണ്‍ റോക്കറ്റില്‍ ആയിരുന്നു അവന്റെ യാത്ര. വിജയിയായി മടങ്ങിയെത്തിയ അവന്‍ വാഷിംഗ്ടണിലെ കാഴ്ചബംഗ്ലാവുകളില്‍ ജീവിച്ചു. 1983ല്‍ മരിച്ചു.

അമേരിക്കന്‍ മാതൃക പിന്തുടര്‍ന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുരങ്ങിനെ ബഹിരാകാശത്തെക്ക് അയക്കാന്‍ ശ്രമിച്ചിരുന്നു. 2011 കുരങ്ങിനെ അയക്കാനുള്ള ഇറാന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക