ബര്‍ലൂസ്കോണി പറയുന്നു ‘ഐ ലവ് വിമന്‍’!

ശനി, 30 ഒക്‌ടോബര്‍ 2010 (11:11 IST)
തനിക്കെതിരെ ഉയരുന്ന ലൈംഗികാപവാദത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍‌വിയോ ബര്‍ലൂസ്കോണിക്ക് കുലുക്കമില്ല. താന്‍ ജീവിതത്തെയും സ്ത്രീകളെയും സ്നേഹിക്കുന്നു എന്നും ജീവിതം ആസ്വദിക്കുന്നതിന് മാപ്പ് പറയാന്‍ ഒരുക്കമല്ല എന്നുമാ‍ണ് ബര്‍ലൂസ്കോണിയുടെ നിലപാട്!

പണത്തിനു വേണ്ടി പ്രധാനമന്ത്രിയുമായി കിടക്ക പങ്കിട്ടു എന്ന് റൂബി എന്ന പതിനെട്ടുകാരി മൊറോക്കന്‍ മോഡല്‍ വെളിപ്പെടുത്തിയത് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന അവസരത്തിലാണ് ബര്‍ലൂസ്കോണി സ്വന്തം നിലപാടിനെ ഇത്തരത്തില്‍ ന്യായീകരിച്ചത്.

പ്രധാനമന്ത്രിയുടെ അര്‍കോറിലുള്ള ആഡംബര ഭവനത്തില്‍ നടന്ന പല പാര്‍ട്ടികളിലും താന്‍ പങ്കെടുത്തിട്ടുണ്ട് എന്നും റൂബി പറഞ്ഞിരുന്നു. റൂബിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കൂടുതലൊന്നും താന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അവരെ തന്റെ വസതിയില്‍ സ്വീകരിച്ചിട്ടുണ്ട് എന്ന കാര്യം നിഷേധിക്കുന്നതിനും ഒരുക്കമല്ല എന്നാണ് ബര്‍ലൂസ്കോണി പറയുന്നത്.

ജോലിത്തിരക്കുകള്‍ക്ക് ശേഷം വൈകുന്നേരങ്ങളില്‍ മനസ്സിന് ലാഘവത്വം നല്‍കേണ്ടത് അത്യാവശ്യമാണ്. എല്ലാ വിഷമതകളില്‍ നിന്നും മനസ്സ് സ്വതന്ത്രമാകേണ്ടതുണ്ട് എന്നും അതിന് തമാശകള്‍ തന്നെ സഹായിക്കുന്നു എന്നും ബര്‍ലൂസ്കോണി പറയുന്നു.

വെബ്ദുനിയ വായിക്കുക