പൈലറ്റിന്റെ വീട്ടിലെ കോക്പിറ്റ് മുറിയില്‍നിന്നും രേഖകള്‍ നശിപ്പിച്ചു
വ്യാഴം, 20 മാര്‍ച്ച് 2014 (08:53 IST)
PRO
വിമാനത്തിന്റെ പൈലറ്റ് സഹരിയാ ഷായുടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തി. പൈലറ്റ് സഹരിയാഷായുടെ വീട്ടിലുള്ള വിമാനത്തിന്റെ കോക്ക്പിറ്റ് സിമുലേറ്റേര്‍ മാതൃകയിലുള്ള റൂമിലാണത്രെ പരിശോധന നടന്നത്.
ഇതില്‍ നിന്ന് ചില രേഖകള്‍ നശിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.പക്ഷേ തിരോധാനവുമായി ബന്ധപ്പെട്ടതാണോയെന്ന് വ്യക്തമല്ല.
ഫെബ്രുവരി മൂന്നിനാണ് രേഖകള്‍ നശിപ്പിച്ചിരിക്കുന്നത്. എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുമ്പും സിമുലേറ്ററില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണതാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിമാനം വടക്കന്‍ മേഖലയിലേക്ക് മുറിച്ച് കടന്നതിന്റെ ഒരു തെളിവും ലഭ്യമാകാത്തതിനാലാണ് ഈ സാധ്യത ബലപ്പെടുന്നത്.
മാര്‍ച്ച് എട്ടിനാണ് അഞ്ചു ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 11 ജീവനക്കാരുമുള്ള മലേഷ്യന്‍ വിമാനം ദുരൂഹസാഹചര്യത്തില്‍ കാണാതായത്.