മറ്റൊരാളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതിന് റിയാദില്‍ ഒരു സൌദി വംശജനെ തല വെട്ടി. സൌദി അറേബ്യ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഡെല്‍ ബിന്‍ മൊഹമ്മദ് അസീറി എന്നയാളെയാണ് സൌദി ഭരണകൂടം തലവെട്ടി കൊന്നത്. ഇയാള്‍ മറ്റൊരാളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി അയാളുടെ ഭാര്യയെ കൈയേറ്റം ചെയ്യുകയായിരുന്നു. സ്ത്രീയുടെ തലയ്ക്ക് അടിച്ച ഇയാള്‍ അവരുടെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്നും സൌദി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത് ഈ വര്‍ഷം തലവെട്ടിക്കൊല്ലുന്ന മുപ്പത്തിരണ്ടാമത്തെ ആളാണ് അഡെല്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സൌദി അറേബ്യ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ആംനെസ്റ്റി ഇന്റര്‍നാഷണല്‍’ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. മെയ് മാസത്തില്‍ മാത്രം സൌദിയില്‍ 15 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി എന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടിയിരുന്നു.
2009-ല്‍ സൌദിയില്‍ 67 വധശിക്ഷകള്‍ നടപ്പിലാക്കി. എന്നാല്‍, 2008-ല്‍ ഇത് 102 ആയിരുന്നു. ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം ഇസ്ലാമിക നിയമം അനുസരിച്ച് വധശിക്ഷയാണ് നല്‍കുന്നത്.