പിനേര ചിലിയുടെ പ്രസിഡന്‍റാകും

തിങ്കള്‍, 18 ജനുവരി 2010 (10:27 IST)
PRO
രണ്ട് ദശാബ്ദത്തിലധികം നീണ്ടുനിന്ന ഇടതുസഖ്യഭരണത്തിന് അറുതിവരുത്തി ചിലിയില്‍ വലതുമുന്നേറ്റം. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന സെബാസ്റ്റിയന്‍ പിനേരയെ വന്‍ഭൂരിപക്ഷത്തോടെയാണ് ചിലി വിജയിപ്പിച്ചത്. അമ്പത്തിരണ്ട് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ചിലി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ ഒരു വലതു നേതാവിനെ അധികാരത്തിലെത്തിക്കുന്നത്.

മുന്‍ പ്രസിഡന്‍റ് എഡ്വാര്‍ഡോ ഫ്രെയിയെ ആണ് പിനേര തോല്‍‌പിച്ചത്. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ പിനേര 52 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. ഫ്രെയിക്ക് 48 ശതമാനം വോട്ടുകള്‍ മാത്രമേ നേടാന്‍ ആയുള്ളു.

ചിലിയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കുകയാണ് തന്‍റെ ലക്‍ഷ്യമെന്ന് വിജയം ഉറപ്പിച്ച ശേഷം പിനേര പറഞ്ഞു. സത്യസന്ധതയും അര്‍പ്പണബോധവുമുള്ള ഒരു നിരയെ ആയിരിക്കും താന്‍ സര്‍ക്കാരില്‍ അവതരിപ്പിക്കുകയെന്ന് പിനേര പറഞ്ഞു. വെല്ലുവിളികളെ നേരിടാന്‍ തയ്യാറുള്ള പുതിയ തലമുറയാണ് ഉയര്‍ന്നുവരേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പന്നതയിലോ ശക്തിയിലോ ലോകത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു രാജ്യമല്ല ചിലി. എന്നാല്‍ ഓരോ പൌരന്‍‌മാരും അര്‍പ്പണബോധം കൊണ്ട് ലോകത്തിലെ മികച്ച രാജ്യമാക്കി ചിലിയെ ഉയര്‍ത്തണമെന്നും പിനേര ആഹ്വാനം ചെയ്തു.

ചിലിയിലെ ഒരു അതിസമ്പന്നന്‍ കൂടിയാണ് പിനേര. ഇദ്ദേഹത്തിന് 6000 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക