പാകിസ്ഥാനിലെ തീവ്രവാദത്തില്‍ സൌദിക്ക് ആശങ്ക

ഞായര്‍, 28 ഫെബ്രുവരി 2010 (17:17 IST)
പാകിസ്ഥാനിലെ അല്‍-കൊയ്ദയുടെയും താലിബാന്‍റെയും പ്രവര്‍ത്തനങ്ങള്‍ ആശങ്ക പടര്‍ത്തുന്നതായി സൌദി അറേബ്യ. സൌദി വിദേശകാര്യമന്ത്രി സൌദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനിലെ താലിബാന്‍ സാന്നിധ്യം വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ സൌദിയുടെ സൌഹൃദ രാഷ്ട്രമാണെന്ന മുഖവുരയോടെയായിരുന്നു സൌദ് അല്‍ ഫൈസല്‍ ഇക്കാരുഅം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ഒരു സൌഹൃദരാജ്യത്ത് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്ഷമിക്കാനാകാത്തതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഘടനവാദികളുടെ ലക്‍ഷ്യം പരാജയപ്പെടുത്താന്‍ പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം ഒന്നായി അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും കര്‍ത്തവ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതൃത്വത്തിന്‍റെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പാകിസ്ഥാനില്‍ വിഘടനപ്രവര്‍ത്തനങ്ങളെ നേരിടാനാകൂ എന്നും സൌദ് അല്‍ ഫൈസല്‍ പറഞ്ഞു.

സൌദി അറേബ്യയ്ക്ക് താലിബാനുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാനുമായുള്ള സൌദിയുടെ ബന്ധം അല്‍-കൊയ്ദയ്ക്ക് ആ സംഘടന അഭയം നല്‍കിയതോടെ അവസാനിച്ചതാണെന്നും ഇക്കാര്യത്തില്‍ സൌദി എത്ര ഗൌരവത്തോടെയാണ് കാര്യങ്ങളെ സമീപിച്ചതെന്ന് ഈ നടപടിയിലൂടെ തന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക