അണ്ണാ ഹസാരെ ‘ഇഫക്ട്’ പാകിസ്ഥാനിലും! അണ്ണാ ഹസാരെയുടെ പാത പിന്തുടര്‍ന്ന് 68 വയസ്സുകാരനായ ജഹാംഗീര്‍ അക്തര്‍ എന്ന വ്യാപാരി പാകിസ്ഥാനിലും നിരാഹാര സമരം പ്രഖ്യാപിച്ചു.
ശക്തമായ അഴിമതിവിരുദ്ധ നിയമം വേണമെന്ന് ആവശ്യപ്പെട്ടാണ് ജഹാംഗീര്‍ നിരാഹാര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സെപ്തംബര്‍ 12 മുതലാണ് നിരാഹാരം ആരംഭിക്കുന്നത്. അണ്ണാ ഹസാരെയുടെ കടുത്ത ആരാധകനായ ജഹാംഗീര്‍ പറയുന്നത് പാകിസ്ഥാനില്‍ അഴിമതി ഒരു പകര്‍ച്ചവ്യാധിയെ പോലെ പടര്‍ന്നു പിടിക്കുകയാണെന്നും അതിന്റെ കാഠിന്യം ഇന്ത്യയിലുള്ളതിനെക്കാള്‍ അധികമാണെന്നുമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത് പോലെയുള്ള ശക്തമായ നിയമം പാകിസ്ഥാനിലും പാസാക്കണമെന്നാണ് ജഹാംഗീറിന്റെ ആവശ്യം
ഹസാരെയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമരം ജഹാംഗീര്‍ വ്യക്തമായി നിരീക്ഷിച്ചു വരികയാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത് പോലെയുള്ള ശക്തമായ നിയമം പാകിസ്ഥാനിലും പാസാക്കണമെന്നാണ് ജഹാംഗീറിന്റെ ആവശ്യം.
ജഹാംഗീര്‍ മുമ്പ് ഇസ്ലാമബാദിലെ വ്യാപാരികള്‍ക്ക് വേണ്ടി 22 ദിവസം നിരാഹാരമിരുന്നിട്ടുണ്ട്. പിന്നീടൊരു എട്ട് ദിവസവും അദ്ദേഹം നിരാഹാരമിരുന്ന ചരിത്രമുണ്ട്. ഇത്തവണയും നിരാഹാരത്തില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശ്യമില്ല എന്നാണ് ജഹാംഗീര്‍ പറയുന്നത്.
ഇന്ത്യയില്‍ ശക്തമായൊരു ലോക്പാല്‍ നിയമം വേണമെന്നാണ് ‘പാകിസ്ഥാന്‍ അണ്ണാ ഹസാരെ’യും ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ ശബ്ദം സര്‍ക്കാര്‍ അവഗണിക്കരുത് എന്നും ജഹാംഗീര്‍ പറയുന്നു.