നേപ്പാളില്‍ ദുരിതം; ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം മൂത്രം കുടിച്ചു

ബുധന്‍, 29 ഏപ്രില്‍ 2015 (13:07 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ ജനങ്ങള്‍ ദുരിതത്തില്‍. ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ പെട്ടുപോയ ഒരാളെ 82 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് രക്ഷിച്ചു. ഏകദേശം, മൂന്നര ദിവസത്തിനു ശേഷം.
 
താന്‍ ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയത് സ്വന്തം മൂത്രം കുടിച്ചാണെന്ന് രക്ഷപ്പെട്ടതിനു ശേഷം ഇയാള്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. റിഷി കനാല്‍ എന്നയാളെയാണ് അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
 
അവശനായ നിലയിലാണ് ഇയാളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ ശവശരീരങ്ങളുടെ ദുര്‍ഗന്ധവും അസഹനീയമായിരുന്നെന്ന് റിഷി പറഞ്ഞു. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂത്രം കുടിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
 
കാലിന് പരുക്കേറ്റിട്ടുള്ള ഇയാളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 

വെബ്ദുനിയ വായിക്കുക