നേപ്പാളില്‍ കനത്ത മഴ; രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുന്നു

വ്യാഴം, 30 ഏപ്രില്‍ 2015 (09:19 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ കനത്ത മഴ. രക്ഷാപ്രവര്‍ത്തനങ്ങളെ മഴ ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.  അതേസമയം, ഭൂകമ്പത്തില്‍ നാശം സംഭവിച്ച നേപ്പാളിലെ ഗ്രാമപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ല. അതിനാല്‍ തന്നെ ഇവിടങ്ങളിലെ ജനങ്ങള്‍ മരണത്തെ അഭിമുഖീകരിച്ചാണ് ഓരോ നിമിഷവും ജീവിക്കുന്നത്.
 
രണ്ടുദിവസത്തിനകം  രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു സൈന്യം. എന്നാല്‍, പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരിക്കുകയാണ്.  അതേസമയം, തുടര്‍ച്ചയായി മഴ പെയ്യുന്നത് ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഇനിയും ഒരു ഭൂകമ്പം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
 
അതേസമയം, നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ച രണ്ട് മലയാളി ഡോക്‌ടര്‍മാരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. 

വെബ്ദുനിയ വായിക്കുക