നെല്‍സണ്‍ മണ്ടേല ആശുപത്രിയില്‍

വ്യാഴം, 28 മാര്‍ച്ച് 2013 (17:17 IST)
PRO
PRO
ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേലയെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മണ്ടേലയെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മണ്ടേലയുടെ ആരോഗ്യനില പൊതുവെ തൃപ്തികരമാണെന്നും അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ആഭ്യര്‍ത്ഥിച്ചു.

ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മണ്ടേല ചികിത്സ തേടിയിരുന്നു. 18 ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് പോയത്. 94 കാരനായ മണ്ടേലയുടെ ഓര്‍മ്മ നശിച്ചു തുടങ്ങുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ ജോര്‍ജ് ബിസോസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മണ്ടേലയ്ക്ക് നിലവിലുള്ള രാഷ്ട്രീയകാര്യങ്ങള്‍ അറിയാമെങ്കിലും പഴയ സഹപ്രവര്‍ത്തകര്‍ മരിച്ചുപോയ കാര്യം നിശ്ചയമില്ലെന്ന് ബിസോസ് പറഞ്ഞു. വാള്‍ട്ടര്‍ സിസിലുവിനെപ്പോലെ സമരകാലത്ത് ഒപ്പമുണ്ടായിരുന്നവര്‍ ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞാല്‍ അദ്ദേഹം നിര്‍വികാരനായി നോക്കിനില്‍ക്കുമെന്നും ബിസോസ് പറഞ്ഞു. പത്തുവര്‍ഷംമുമ്പാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും മണ്ടേലയുടെ ഗുരുവുമായ സിസിലു മരിച്ചത്.

വെബ്ദുനിയ വായിക്കുക