നിക്കോളാസ് കേജ് അറസ്റ്റിലായത് ഭാര്യയെ അടിച്ചതിന്

തിങ്കള്‍, 18 ഏപ്രില്‍ 2011 (10:43 IST)
PRO
PRO
അടിച്ചുപൂസായി ഭാര്യയെ കണക്കിന് മര്‍ദ്ദിച്ചതിനാണ് ഹോളിവുഡ്‌ നടന്‍ നിക്കോളാസ്‌ കേജിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് ന്യൂ ഓര്‍ലീന്‍സ് പോലീസ്‌ വ്യക്തമാക്കി. പരസ്യമായി മദ്യപിച്ച്‌ പൊതുസമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിന്‌ കോട്ടം വരുത്തിയതിനെ തുടര്‍ന്നാണ് നിക്കോളാസ് കേജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഗാര്‍ഹിക പീഡനം, പരസ്യ മദ്യപാനം, സമാധാന അന്തരീക്ഷത്തിണ് കോട്ടം വരുത്തല്‍ തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് കേജിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

യുഎസിലെ പ്രധാന തുറമുഖ നഗരമായ ന്യൂ ഓര്‍ലീന്‍സില്‍ കേഗിന്‌ സ്വന്തമായി സ്ഥലമുണ്ട്‌. നേരത്തെ ഇവിടെ സിനിമകളുടെ ഷൂട്ടിംഗും നടന്നിരുന്നു. ഈ വീട്‌ വാടകയ്‌ക്കു നല്‍കാമെന്ന നിര്‍ദേശത്തെ ഭാര്യ ആലീസ്‌ കിം എതിര്‍ത്തതാണു നിക്കോളാസിനെ പ്രകോപിപ്പിച്ചത്‌. വഴക്കിടുമ്പോള്‍ നിക്കോളാസ്‌ മദ്യലഹരിയിലായിരുന്നെന്നു പോലീസ്‌ വ്യക്‌തമാക്കി. ദമ്പതികള്‍ അവരുടെ വസതിക്കു വെളിയില്‍ നില്‍ക്കുകയായിരുന്നു.

ഭാര്യയെ കൈയേറ്റം ചെയ്‌തശേഷം ഇയാള്‍ ടാക്‌സി കാറില്‍ പോകാന്‍ ശ്രമിച്ചു. എന്നാല്‍, ദൃക്‌സാക്ഷികള്‍ അറിയിച്ചതു പ്രകാരം സ്‌ഥലത്തെത്തിയ പോലീസുകാര്‍ നിക്കോളാസിനോട്‌ വാഹനത്തില്‍നിന്നു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞ് ‘സിനിമാ സ്റ്റൈലില്‍’ നിക്കോളാസ് തട്ടിക്കയറിയതോടെ പൊലീസ് തനിനിറം കാട്ടി.

ബലം പ്രയോഗിച്ച് പൊലീസുകാര്‍ നിക്കോളാസിനെ ടാക്സിയില്‍ നിന്ന് ഇറക്കുകയും സെന്‍ട്രല്‍ ലോക്കപ്പിലേക്കു കൊണ്ടുപോകുകയായിരുന്നു. ഓ‍ര്‍ലീന്‍സ്‌ പാരിഷ്‌ ജയിലിലേക്ക്‌ നിക്കോളാസിനെ മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, കീജിനെതിരെയുള്ള നടപടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ്‌ തയാറായിട്ടില്ല.

നിക്കോളാസ് കേജ് നായകനായ ‘സീസണ്‍ ഓഫ് ദ വിച്ച്’, ‘ഡ്രൈവ് ആം‌ഗ്രി’ തുടങ്ങിയ സിനിമകള്‍ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. ഡ്രൈവ് ആം‌ഗ്രിയില്‍ പ്രതികാരം ചെയ്യാനായി നരകത്തില്‍ നിന്നെത്തുന്ന ഒരു ‘ക്രിമിനല്‍’ ആയിട്ടാണ് നിക്കോളാസ് അഭിനയിക്കുന്നത്. ശരിക്കുള്ള ജീവിതത്തിലും നിക്കോളാസ് ഒരു ക്രിമിനലിനെ പോലെ പെരുമാറിയ വാര്‍ത്ത ഞെട്ടലോടെയാണ് നിക്കോളാസ് ആരാധകര്‍ അറിഞ്ഞത്.

വെബ്ദുനിയ വായിക്കുക