നവോത്ഥാനത്തിന് നവാസ് ഷെരീഫ്; വിദേശനയങ്ങളില്‍ വന്‍ മാറ്റം

ചൊവ്വ, 14 മെയ് 2013 (10:31 IST)
PRO
PRO
അധികാരത്തിലേറാനിരിക്കുന്ന നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ വിദേശ നയങ്ങളില്‍ വന്‍ മാറ്റം വരുത്തുമെന്ന് സൂചന. അമേരിക്കയുമായുള്ള രഹസ്യവും പരസ്യവുമായ ധാരണകളിലും ഇന്ത്യയുമായുള്ള ബന്ധത്തിലും നവാസ് ഷെരീഫ് നയിക്കുന്ന സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലായിരിക്കും വിദേശനയം രൂപപ്പെടുത്തുക എന്ന് നവാസ് ഷെരീഫിന്‍െറ അടുത്ത അനുയായിയും വിദേശകാര്യ ഉപദേഷ്ടാവുമായ പ്രമുഖനെ ഉദ്ധരിച്ച് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ ലാഹോര്‍ സന്ദര്‍ശനം സൂചിപ്പിച്ച്, ‘ ഇന്ത്യന്‍ ബന്ധങ്ങളിലെ പുതുമാറ്റങ്ങള്‍ക്കായി നവാസ് ഷെരീഫ് 1999ല്‍ നിര്‍ത്തിയേടത്തുവെച്ച് തുടങ്ങു’മെന്നും ഉപദേഷ്ടാവ് വ്യക്തമാക്കി. തന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ക്ഷണിക്കുമെന്ന ഷെരീഫിന്‍െറ പ്രസ്താവന ഇതുമായി ചേര്‍ത്തുവായിക്കണമെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അനുയോജ്യന്‍ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ഖാനാണെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളനുസരിച്ചും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വഭാവം അനുസരിച്ചും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇമ്രാന്‍ ഖാന്‍ തന്നെയാണ് അനുയോജ്യനെന്ന് പിഎംഎല്‍ക്യു ജനറല്‍ സെക്രട്ടറിയും സെനറ്ററുമായ മുശാഹിദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പ്രമുഖ നേതാവ് സയ്യിദ് ഖുര്‍ഷിദ് ഷായെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നിര്‍ദേശിക്കുമെന്ന് സൂചനയുണ്ട്.

പിപിപിയും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയും സീറ്റുനിലയുടെ കാര്യത്തില്‍ ഇഞ്ചോടിഞ്ച് വ്യത്യാസപ്പെട്ടു നില്‍ക്കുകയാണെങ്കിലും 17 അംഗങ്ങളുള്ള മുത്തഹിദ ഖൗമി മൂവ്മെന്‍റിന്‍െറ പിന്തുണ പിപിപിക്കാണ്.
ഇതിനിടെ, തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുമായി ജമാഅത്തെ ഇസ്ലാമി സഖ്യത്തിലേര്‍പ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയില്‍ സഖ്യത്തിലേര്‍പ്പെടാന്‍ എല്ലാ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക