ധാക്ക കലാപം: 200 പേര്‍ അറസ്റ്റില്‍

വെള്ളി, 27 ഫെബ്രുവരി 2009 (15:43 IST)
ധാക്കയില്‍ ബംഗ്ലാദേശ് റൈഫിള്‍സ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്തരെ ബന്ദികളാക്കി ബിഡിആര്‍ സൈനികര്‍ നടത്തിയ കലാപത്തെ കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കലാപവുമായി ബന്ധപ്പെട്ട് 200 സൈനികരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപത്തില്‍ ബിഡിആര്‍ ഡയറക്ടര്‍ ജനറല്‍ ഷക്കീല്‍ അഹമ്മദ് കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണ വേഷത്തില്‍ ബാരക്കില്‍ എത്തിയ 200 സൈനികരെ കസ്റ്റഡിയിലെടുത്തതായി രാജ്യത്തെ ആഭ്യന്തര സുരക്ഷാ വിഭാഗമായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ വക്താവ് പറഞ്ഞു. ബസുകളിലും ട്രക്കുകളിലും വിമതര്‍ക്കായി തെരച്ചില്‍ നടത്തുന്നതായും വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി വാണിജ്യമന്ത്രി മുഹമ്മദ് ഫാറൂഖ് ഖാന്‍ അറിയിച്ചു.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബംഗ്ലാദേശ്‌ റൈഫിള്‍സിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന സായുധ കലാപം രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന സൈനികര്‍ക്ക് ശക്തമായ താക്കിത് നല്‍കിയിരുന്നു. തുടര്‍ന്നാണ് കലാപം നിര്‍ത്താന്‍ പട്ടാളക്കാര്‍ തയ്യാറായത്. രണ്ടുദിവസമായി തുടര്‍ന്ന അക്രമത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

വെബ്ദുനിയ വായിക്കുക