ദുരൂഹതകള്‍ക്കിടെയില്‍ വീണ്ടും മലേഷ്യന്‍ വിമാനം ദുരൂഹത തീര്‍ക്കുന്നു. വിമാനത്തിലെ ചരക്കുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ലിഥിയം ബാറ്ററികളെ സംബന്ധിച്ചാണ് പുതിയ ദുരൂഹത. എയര്‍ കാര്‍ഗോ പട്ടികയനുസരിച്ച് ബാറ്ററികള്‍ 2.453 ടണ്‍ ഭാരമുള്ളവയാണ്. അഞ്ച് എയര്‍വേ ബില്ലുകള്‍ ചേര്‍ന്ന ഒരു മാസ്റ്റര്‍ ബില്ല് അനുസരിച്ച് 2453 കിലോ തൂക്കമാണ് ആകെ രേഖപ്പെടുത്തിക്കാണുന്നത്. ഇതില്‍ രണ്ടു ബില്ലുകള്‍ 221 കിലോ വരുന്ന ബാറ്ററികളുടേതും അവശേഷിക്കുന്നവ റേഡിയോ ഉപകരണങ്ങളും ചാര്‍ജറുകളുമാണെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് കാണാതായ വിമാനത്തെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ അവസാനിക്കാതെ തുടരുകയാണ്.
അതേസമയം ഇക്കാര്യം കാര്‍ഗോ പട്ടികയില്‍ സൂചിപ്പിച്ചിട്ടില്ല. മലേഷ്യന്‍ എയര്‍ലൈന്‍സ് കമ്പനി പറയുന്നത് ബാറ്ററിയുടെ ഭാരം 221 കിലോ ആണെന്നും എന്‍എന്‍ആര്‍ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് എന്ന കമ്പനി പറയുന്നത് ബാറ്ററിയുടെ ഭാരം 200 കിലോയില്‍ താഴെ മാത്രമേ വരൂ എന്നുമാണ്. ബാക്കി വരുന്ന 2253 കിലോ ചരക്കിനെ സംബന്ധിച്ച് വ്യക്തമായി വിശദീകരണം നല്‍കാന്‍ കമ്പനി വക്താവ് തയ്യാറായിട്ടില്ല. വിമാനം കാണാതായതു സംബന്ധിച്ച അന്വേഷണം തുടരുന്നതിനാലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
കാര്‍ഗോ പട്ടിക പ്രകാരം സൂക്ഷിച്ച കൈകാര്യം ചെയ്യേണ്ട സ്‌ഫോടക സാധ്യതയുള്ള വസ്തുക്കളാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ്. ബാറ്ററികള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഏത് കമ്പനിയാണെന്ന് വ്യക്തമാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 200കിലോ ലിഥിയം ബാറ്ററി വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ അവ സുരക്ഷിതമായാണ് പായ്ക്ക് ചെയ്തിരുന്നതെന്നും എയര്‍ലൈന്‍സ് സിഇഒ അഹമ്മദ് ജൗഹരി യാഹ്യ വ്യക്തമാക്കിയിരുന്നു.