തൊഴിലാളി സമരത്തെ തുടര്‍ന്ന് ഈഫല്‍ ഗോപുരം അടച്ചിട്ടു
ബുധന്‍, 26 ജൂണ്‍ 2013 (17:26 IST)
WD
തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം അടച്ചിട്ടു. ഫ്രാന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ് ഈഫല്‍ ഗോപുരം.
ഈഫല്‍ ടവറിലെ 300 തൊഴിലാളികളില്‍ ഭൂരിഭാഗം വരുന്ന സിജിടി സംഘടനയാണ് സമരം നടത്തുന്നത്. ശമ്പളം, ലാഭ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ കമ്പനി വേണ്ട രീതിയില്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചത്.
ഒരു ദിവസം കാല്‍ ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് ഈഫല്‍ ഗോപുരം സന്ദര്‍ശിക്കാനെത്തുന്നത്. സമരത്തിലുള്ള തൊഴിലാളികളുമായി ചര്‍ച്ച നടക്കുന്നതായി കമ്പനി ഡയറക്ടര്‍ നികോളാസ് ലെഫെബ്‌വ്റെ പറഞ്ഞു.
124 വര്‍ഷം പഴക്കമുള്ള ഈഫല്‍ ഗോപുരം വര്‍ഷത്തില്‍ 365 ദിവസവും തുറക്കാറുണ്ട്.