തഹാവുര്‍ റാണ മുന്‍ പാക് സൈനിക ഡോക്ടര്‍

വ്യാഴം, 7 ജനുവരി 2010 (11:41 IST)
PRO
താന്‍ പക് സൈന്യത്തില്‍ നിന്ന് ഒളിച്ചോടിപോന്നയാളാണെന്ന് ഡാനിഷ് പത്രത്തിനെതിരായ അക്രമണപദ്ധതിയുമായി ബന്ധപ്പെട്ട് യു എസില്‍ പിടിയിലായ ലഷ്കര്‍ തീവ്രവാദി തഹാവുര്‍ ഹുസൈന്‍ റാണ കോടതിയില്‍ വെളിപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നേരിടുന്ന റാണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് തന്‍റെ പാക് ബന്ധം വ്യക്തമാക്കിയത്.

പാക് സൈന്യത്തില്‍ ഡോക്ടറായിരുന്ന തനിക്ക് ഇനി പാക്കിസ്ഥാനിലേക്കു തിരിച്ചു പോക്ക്‌ സാധ്യമല്ലെന്നും ഹര്‍ജിയില്‍ റാണ വ്യക്തമാക്കി. റാണയുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്‌ കോടതി ഈ മാസം 14ലേക്ക് മാറ്റി. നേരത്തെ റാണയ്ക്ക് ജാമ്യം അനുവദിച്ചാല്‍ ഇയാള്‍ പാക്കിസ്ഥാനിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു.

സൈന്യത്തില്‍ ഡോക്ടറായിരുന്ന റാണയെ കുറഞ്ഞ താപനിലയുള്ള സൈനിക പോസ്റ്റുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതു മൂലം ഗുരുതരമായ അരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നുവെന്നും ഇതിനെതുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അവധിയെടുത്ത്‌ ലണ്ടനിലേക്കു പോവുകയായിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ചികിത്സയ്ക്കൊപ്പം അവധിയും നീണ്ടു പോയതിനാല്‍ പിന്നീട് പാകിസ്ഥാനിലേക്ക് തിരിച്ചുപോകാനായില്ല. ഇനി പാകിസ്ഥാനില്‍ പോയാല്‍ റാണയെ അറസ്റ്റ് ചെയ്യുമെന്നതിനാല്‍ ജാമ്യം നല്‍കിയാല്‍ പാകിസ്ഥാനിലേക്ക് കടക്കുമെന്ന എഫ് ബി ഐ വാദം അടിസ്ഥാനരഹിതമാണെന്ന് റാണെയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ മുംബൈ ഭീകരാക്രണ പദ്ധതി സംബന്ധിച്ച്‌ റാണയ്ക്കും ഹെഡ്‌ലിക്കും നേരത്തെ അറിയാമായിരുന്നു എന്നാണ്‌ എഫ്ബിഐ വാദം. സംഭവത്തിനു ശേഷം പാക്കിസ്ഥാനിലെ തീവ്രവാദ സംഘടന ഇവരെ അനുമോദിച്ചതായി വിവരം ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക